അതീവ രുചികരവും പോഷകപ്രദവുമായ ഭക്ഷ്യവിഭവമാണ് കൂണ്‍. ആദ്യകാലത്ത് പറമ്പുകള്‍, തോട്ടങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മഴക്കാലത്തുമാത്രം ലഭിച്ചിരുന്ന ഒരു ഐറ്റമായിരുന്നു കൂണ്‍. പിന്നീടാണ് കുടില്‍വ്യവസായം എന്ന നിലയില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ കൂണ്‍കൃഷിയുടെ സാധ്യത തിരിച്ചറിഞ്ഞത്. വീട്ടമ്മമാര്‍ക്ക് അധികം ആയാസമില്ലാതെ ഒഴിവുവേളകളില്‍ ചെയ്യാവുന്ന ഒരു ഉപതൊഴിലായി കൂണ്‍കൃഷി അതിവേഗം വളര്‍ന്നു.
കേരളത്തിലെ ആദ്യ കൂണ്‍ഗ്രാമത്തിനു തുടക്കമായി. പട്ടികവര്‍ഗ സങ്കേതങ്ങളിലെ ആദ്യ കൂണ്‍ഗ്രാമം പദ്ധതിക്ക് തിരുവനന്തപുരം വാമനപുരം നിയോജക മണ്ഡലത്തിലെ നന്ദിയോട് ഗ്രാമപ്പഞ്ചായത്തില്‍ തുടക്കം കുറിച്ചു. ആദ്യ കൂണ്‍ഗ്രാമം പദ്ധതി നന്ദിയോട് ഗ്രീന്‍ ഓഡിറ്റോറിയത്തില്‍ ഡി കെ മുരളി എംഎല്‍എ ഉദ്ഘാടനം ചെയ്തു. പട്ടികവര്‍ഗ മേഖലകളില്‍ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി പട്ടികവര്‍ഗ വികസന വകുപ്പ് നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായാണ് സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനുമായി ചേര്‍ന്ന് കൂണ്‍കൃഷിയുടെ സമഗ്ര വികസനത്തിനായി 100 കൂണ്‍ഗ്രാമങ്ങള്‍ സ്ഥാപിക്കുന്നത്.
തുടര്‍ന്ന് മറ്റ് പഞ്ചായത്തുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പദ്ധതി നടപ്പാക്കുന്നതിന് ചെലവാകുന്ന മുഴുവന്‍ തുകയും ഗുണഭോക്താക്കള്‍ക്ക് സര്‍ക്കാര്‍ സബ്‌സിഡിയായി നല്‍കും. 69.125 ലക്ഷം രൂപയാണ് പദ്ധതിക്ക് ചെലവാകുന്നത്. ഇതില്‍ 12.125 ലക്ഷം പട്ടികവര്‍ഗ വികസന വകുപ്പും 30.25 ലക്ഷം രൂപ സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനുമാണ് അനുവദിച്ചത്. പദ്ധതിയുടെ ഭാഗമായി 100 ചെറുകിട ഗുണഭോക്താക്കള്‍ക്ക് 100 ബെഡുകള്‍ വീതം 10,000 ബെഡുകളും രണ്ട് ഇടത്തരം ഗുണഭോക്താക്കള്‍ക്ക് 500 ബെഡുകള്‍ വീതം 1000 ബെഡുകളും വിതരണം ചെയ്യും.
കൂടാതെ രണ്ട് പാക്കിങ് യൂണിറ്റുകള്‍, ഒരു സംസ്‌കരണ യൂണിറ്റ്, ഒരു വിത്തുത്പാദന യൂണിറ്റ് എന്നിവയും സ്ഥാപിക്കും. ഗുണഭോക്താക്കളെ ഊരുകൂട്ടങ്ങള്‍ മുഖേന പട്ടികവര്‍ഗ വികസന വകുപ്പാണ് തിരഞ്ഞെടുക്കുക. ഇവര്‍ക്കാവശ്യമായ പരിശീലനവും കൂണ്‍ ബെഡുകളും വെള്ളനാട് മിത്രാനികേതന്‍ മുഖേന നല്‍കും. ആവശ്യമായ സാങ്കേതിക മേല്‍നോട്ടം സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷനാണ് നിര്‍വഹിക്കുന്നത്. ഇത്തരത്തില്‍ ഉത്പാദിപ്പിക്കുന്ന കൂണുകള്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഔട്ട്ലെറ്റുകളിലും മറ്റ് ഏജന്‍സികളിലും വിപണനം ചെയ്യും.
Post a Comment