വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം കേരളത്തിലെ റബര്‍വില 200 കടന്നു. കേരളത്തിലെ ചെറുകിട കര്‍ഷകരുടെ, ക്വാളിറ്റി കൂടിയ RSS 4ന് വ്യാപാരികള്‍ നല്‍കുന്നത് 202- 205 രൂപയാണ്. വരുംദിവസങ്ങളില്‍ റബര്‍വിലയില്‍ ഏറ്റക്കുറച്ചില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇതില്‍ കൂടുതല്‍ നല്‍കാന്‍ വ്യാപാരികള്‍ മടിക്കുകയാണ്. ഇത്തവണത്തെ കടുത്ത വേനല്‍ റബര്‍ ഉത്പാദനം കുത്തനെ ഇടിയാന്‍ കാരണമായി. തോട്ടങ്ങള്‍ ഇതുവരെ സജീവമാകാത്തതിനാല്‍ മാര്‍ക്കറ്റിലേക്ക് ചരക്കെത്തുന്നില്ല. ഇതും വിലകൂടാന്‍ കാരണമായിട്ടുണ്ട്.
വില കൂടിയാല്‍ ഇറക്കുമതി വര്‍ധിപ്പിച്ച് റബര്‍വില കുറയ്ക്കാന്‍ ടയര്‍ നിര്‍മാതാക്കള്‍ ശ്രമിക്കുക പതിവുണ്ട്. എന്നാല്‍, ഇത്തവണ അവര്‍ക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല. ആഗോളതലത്തില്‍ റബറിന്റെ ലഭ്യത കാര്യമായി കുറഞ്ഞിട്ടുണ്ട്. തായ്‌ലന്‍ഡിലും മലേഷ്യയിലും ഉല്‍പാദനം കുറഞ്ഞതാണ് അതിനു കാരണം. അവിടെനിന്ന് ഇറക്കുമതി നടത്തിയാലും കേരളത്തില്‍ ഇപ്പോഴുള്ള വിലയിലും ഉയരാന്‍ സാധ്യതയുള്ളതിനാല്‍ ടയര്‍ നിര്‍മാതാക്കള്‍ അതിനു ശ്രമിക്കുകയില്ല. റബര്‍വില 202- 205 നിലവാരത്തില്‍ ഇനിയും തുടര്‍ന്നേക്കാമെന്ന സൂചനയാണിത് കാണിക്കുന്നത്. ഉപയോഗം കൂടുന്നതിനനുസരിച്ച് ഉല്‍പാദനം വര്‍ധിക്കുന്നില്ലെന്നതാണ് കാരണം.
കൂടാതെ റബര്‍ തോട്ടങ്ങളില്‍ പരിശീലനം സിദ്ധിച്ച ടാപ്പിങ് തൊഴിലാളികളെ കിട്ടുന്നില്ലെന്ന പ്രശ്‌നമുണ്ട്. 45-50 വയസ്സിനു മുകളിലുള്ള തൊഴിലാളികള്‍ മാത്രമേ രംഗത്തുള്ളൂ. ചെറുപ്പക്കാര്‍ ഈ രംഗത്തേക്ക് വരുന്നില്ലെന്നതാണ് അവസ്ഥ. കടുത്ത വേനലും വലിയ മഴയും റബര്‍ ഉല്‍പാദനത്തെ പ്രതികൂലമായി ബാധിക്കും. മഴക്കാലത്ത് ടാപ്പിങ് നടത്തിയാല്‍ പട്ടമരപ്പ് പോലെയുള്ള രോഗങ്ങള്‍ പിടിപെടും. മഴക്കാലം വരുന്നതിനാല്‍ തോട്ടങ്ങളില്‍ റെയിന്‍ഗാര്‍ഡ് ഉറപ്പിക്കുന്ന് തിരക്കിലാണ് കര്‍ഷകര്‍. റെയിന്‍ഗാര്‍ഡ് ഉറപ്പിക്കാനും മരുന്നുതളിക്കാനും ഹെക്ടറിന് 4000 രൂപ വീതം സര്‍ക്കാരില്‍നിന്ന് കര്‍ഷകര്‍ക്ക് ലഭിക്കാറുണ്ട്.
Post a Comment