പൈനാപ്പിള്‍: രുചിയിലും ഔഷധഗുണത്തിലും മുമ്പന്‍

പൈനാപ്പിള്‍: രുചിയിലും ഔഷധഗുണത്തിലും മുമ്പന്‍

 

'അകത്തമൃത്, പുറത്തഴക്' പൈനാപ്പിളിനെപ്പറ്റി ഒരു സിനിമപ്പാട്ടുതന്നെയുണ്ട്. നിറവും മണവും രുചിയും പലവിധ വിറ്റാമിനുകളും അടങ്ങിയ ഫ്രൂട്‌സ് ആണ് പൈനാപ്പിളെന്ന കൈതച്ചക്ക. പൈനാപ്പിള്‍ ശരീരത്തിന് ഗുണംചെയ്യുന്ന ഒരു ഫലമാണ്. വിറ്റാമിനുകളുടെയും മിനറലുകളുടെയും ഒരു കലവറയാണ് പൈനാപ്പിള്‍. വിറ്റാമിനുകളായ എ, ബി, സി, ഇ, കെ എന്നിവയും അയണ്‍, കാത്സ്യം, പൊട്ടാസ്യം, മാംഗനീസ്, സിങ്ക് എന്നിവയും പൈനാപ്പിളില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ നാരുകളും പലതരത്തിലുള്ള ആന്റിഓക്‌സിഡന്റുകളും എന്‍സൈമുകളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. കേരളത്തില്‍ എറണാകുളം ജില്ലയിലെ വാഴക്കുളത്തും പരിസരത്തും വ്യാവസായിക അടിസ്ഥാനത്തില്‍ പൈനാപ്പിള്‍ കൃഷി ചെയ്തുവരുന്നു.

പൈനാപ്പിളിന്റെ ഏതാനും ഗുണങ്ങള്‍ നോക്കാം. ഭക്ഷണത്തിനുശേഷം പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് ദഹനത്തിന് മികച്ചതാണ്. ജ്യൂസ് ആക്കണമെന്നില്ല, പൈനാപ്പിളിന്റെ ചെറിയൊരു കഷണം കറുമുറെ കടിച്ചുമുറിച്ച് തിന്നാലും മതി. പൈനാപ്പിള്‍ ദിവസവും കഴിക്കുന്നത് സന്ധിവാതം കുറയ്ക്കാന്‍ സഹായിക്കും. പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ബ്രോമെലൈന്‍ ആണ് ഇതിനു സഹായിക്കുന്നത്. വിറ്റാമിന്‍ സി ധാരാളമടങ്ങിയ പൈനാപ്പിള്‍ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. അതിനാല്‍ ദിവസവും പൈനാപ്പിള്‍ ജ്യൂസ് കുടിക്കുകയോ ഒരു കഷണം ചവച്ചരച്ച് തിന്നുകയോ ചെയ്യുന്നത് നല്ലതാണ്. 

എല്ലുകളും പല്ലുകളും ശക്തിപ്പെടുത്തുന്നതിന് സഹായിക്കുന്ന മാംഗനീസ് അടങ്ങിയതിനാല്‍ എല്ലാ ദിവസവും പൈനാപ്പിള്‍ ജ്യൂസ് കുടിക്കുന്നത് ഏറേ ഗുണകരമാണ്. കലോറിയും കാര്‍ബോഹൈട്രേറ്റും കുറഞ്ഞതും ഫൈബര്‍ ധാരാളവും അടങ്ങിയ പൈനാപ്പിള്‍ വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കഴിക്കാവുന്ന ഒരു ഫലമാണ്. പൈനാപ്പിളില്‍ അടങ്ങിയിരിക്കുന്ന ബ്രോമെലൈന്‍ ശരീരഭാരം നിയന്ത്രിക്കാന്‍ സഹായിക്കും. വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ദിവസവും പൈനാപ്പിള്‍ കഴിക്കുന്നത് നല്ലതാണ്.

ധാരാളം പൊട്ടാസ്യം അടങ്ങിയ പൈനാപ്പിള്‍ രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ സഹായിക്കും. ചര്‍മാരോഗ്യത്തിനും യുവത്വം നിലനിര്‍ത്താനും പൈനാപ്പിള്‍ സഹായിക്കുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. അതുപോലെ തന്നെ, അല്‍പം പൈനാപ്പിള്‍ നീര് മുഖത്ത് പുരട്ടുന്നത് ചര്‍മത്തെ തിളക്കമുള്ളതാക്കും.

അസിഡിറ്റി, അള്‍സര്‍, വായ്പ്പുണ്ണ് തുടങ്ങിയവ ഉള്ളവര്‍ പൈനാപ്പിളിന്റെ ഉപയോഗം തീരെ കുറയ്ക്കണം. ഗര്‍ഭിണികള്‍ ആദ്യ നാലുമാസത്തില്‍ കൈതച്ചക്ക ഉപയോഗിക്കരുതെന്ന് ആയുര്‍വേദം പറയുന്നു.


Post a Comment

Before post Ad



 

Facebook

whatsapp group join banner