60-70കളിലെ ശൈലിയില്‍ ചിക്കന്‍ വരട്ടിയത്

60-70കളിലെ ശൈലിയില്‍ ചിക്കന്‍ വരട്ടിയത്

 

60- 70 കാലഘട്ടത്തില്‍ നമ്മുടെയൊക്കെ വീടുകളില്‍ നമ്മുടെ വല്യമ്മച്ചിമാര്‍ ഉണ്ടാക്കിയിരുന്ന ചിക്കന്‍ വരട്ടിയത്. അന്നൊക്കെ ഇപ്പോഴത്തെ മാതിരി ബ്രോയിലര്‍ ചിക്കന്‍ തമിഴ്‌നാട്ടില്‍നിന്ന് വരുന്നുണ്ടായിരുന്നില്ല. നല്ല നാടന്‍ പൂവനെയൊക്കെയാണ് കറിവച്ച് ചക്കപ്പുഴുക്ക്, കപ്പപ്പുഴുക്ക്, കള്ളപ്പം, പാലപ്പം മുതലായവയുടെ കൂടെ നമ്മുടെ മുത്തശ്ശന്മാര്‍ അകത്താക്കിരുന്നത്. ഇത്തവണ അതുപോലെ ഒരു ചിക്കന്‍ വരട്ടിയത് ഉണ്ടാക്കി നോക്കൂ. നല്ല അടിപൊളി ടേസ്റ്റ് ആണ്.

ചിക്കന്‍- മുക്കാല്‍ കിലോ

ചെറിയ ഉള്ളി- 12 എണ്ണം

വെളുത്തുള്ളി- 6 എണ്ണം

ഇഞ്ചി- 1 ചെറിയ കഷണം

വറ്റല്‍മുളക്- 12 എണ്ണം

പെരുംജീരകം- ഒരു ടേബിള്‍ ടിസ്പൂണ്‍

മല്ലി- 2 ടേബിള്‍ സ്പൂണ്‍

ഗ്രാമ്പൂ- 6 എണ്ണം

കറുവപട്ട (ചെറിയ പീസ്)- 5 എണ്ണം

കറിവേപ്പില- 3 തണ്ട്

വെളിച്ചെണ്ണ- 3 ടിസ്പൂണ്‍

ഉപ്പ്-  ആവശ്യത്തിന്

മഞ്ഞള്‍പൊടി- ഒരു ടിസ്പൂണ്‍

തേങ്ങാപാല്‍- അര മുറി തേങ്ങ

തേങ്ങ കൊത്ത്- അര കപ്പ്

വെള്ളം- ഒരു ഗ്ലാസ് 

ചിക്കന്റെ മസാല ഉണ്ടാക്കുന്നതിനുവേണ്ടി ഒരു പാനിലേക്ക് ഒരു ടിസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായി അതിലേക്ക് 10 വറ്റല്‍മുളക്, ഒരു ടിസ്പൂണ്‍ കുരുമുളക്, ഒരു ടിസ്പൂണ്‍ പെരുംജീരകം, 5 ചെറിയ കഷണം പട്ട, 6 ഗ്രാമ്പൂ, 2 ടിസ്പൂണ്‍ മല്ലി ചേര്‍ത്ത് വറുത്തെടുത്ത് ചൂടാറിയാല്‍ മിക്‌സിയില്‍ ഇട്ട് അരച്ചെടുക്കണം. ഇനി ഒരു പാനിലേക്ക് 2 ടിസ്പൂണ്‍ വെളിച്ചെണ്ണ ഒഴിച്ച് ചൂടായശേഷം ഒരു ചെറിയ കഷണം ഇഞ്ചി, 6 അല്ലി വെളുത്തുള്ളി എന്നിവ ചതച്ചു ചേര്‍ക്കുക. കൂടെ 12 ചെറിയ ഉള്ളി, 2 വറ്റല്‍മുളക് ചേര്‍ത്ത് നല്ലവണ്ണം വാട്ടിയെടുക്കുക. വാട്ടിയെടുത്തശേഷം അതിലേക്ക് ചിക്കന്‍ ചേര്‍ത്ത് കൊടുക്കുക. കൂടെ ഒരു ടി സ്പൂണ്‍ മഞ്ഞള്‍പൊടി, ഉപ്പ് ചേര്‍ത്ത് കൂടെ അരച്ചുവച്ച മസാലയും ചേര്‍ത്ത് കൊടുക്കുക. 

ഇനി ഇതിലേക്ക് നാളികേര കൊത്ത്, കൂടെ ഒരു തണ്ട് കറിവേപ്പില ചേര്‍ത്ത് കൊടുക്കുക. അതിനുശേഷം ഒരു ഗ്ലാസ് വെള്ളം ഒഴിച്ച് അടച്ചുവച്ച് വേവിച്ചെടുത്തശേഷം അരമുറി തേങ്ങയുടെ പാല്‍ ചേര്‍ത്ത് നല്ലവണ്ണം വറ്റിച്ചെടുക്കുക. വറ്റിച്ചെടുത്തശേഷം 2 തണ്ട് കറിവേപ്പില ചേര്‍ത്ത് ഒരു മിനിറ്റ് ഇളക്കിക്കൊടുക്കുക. ചിക്കന്‍ വരട്ടിയത് റെഡി. ചെറുചൂടോടെ വിളമ്പാം.  

Post a Comment

Before post Ad



 

Facebook

whatsapp group join banner