ചെന്നൈ- മൈസൂരു 435 കി.മീ. അതിവേഗ റെയില്‍പാത ഉടന്‍

ചെന്നൈ- മൈസൂരു 435 കി.മീ. അതിവേഗ റെയില്‍പാത ഉടന്‍

 

ചെന്നൈക്കും മൈസൂരുവിനും ഇടയില്‍ രണ്ടര മണിക്കൂര്‍കൊണ്ട് എത്താന്‍ സാധിക്കുന്ന അതിവേഗ റെയില്‍പ്പാത നിര്‍മാണത്തിന്റെ പ്രാരംഭനടപടികള്‍ തുടങ്ങി. തമിഴ് നാട്, ആന്ധ്രപ്രദേശ്, കര്‍ണാടകം എന്നീ സംസ്ഥാനങ്ങളിലെ ഒമ്പത് നഗരങ്ങളിലൂടെ 435 കിലോമീറ്റര്‍ വരുന്നതാണ് റെയില്‍പ്പാത. പദ്ധതിക്കായുള്ള സര്‍വേയും പരിസ്ഥിതി, സാമൂഹികാഘാത പഠനങ്ങളും നടത്തിക്കഴിഞ്ഞു. സ്ഥലം ഏറ്റെടുക്കല്‍ ജോലികളാണ് ഇപ്പോള്‍ നടന്നുവരുന്നത്. 70 കിലോമീറ്റര്‍ ഭാഗം കോലാര്‍ ജില്ലയിലൂടെയാണ് കടന്നുപോകുന്നത്.

കോലാറില്‍ കൃഷിഭൂമികള്‍ ധാരാളം ഏറ്റെടുക്കേണ്ടതിനാല്‍ കര്‍ഷകരുമായി അധികൃതര്‍ ചര്‍ച്ച നടത്തിവരുകയാണ്. സ്ഥലം വിട്ടുകൊടുക്കുന്ന കര്‍ഷകര്‍ക്ക് ഭൂമിവിലയുടെ നാലിരട്ടി തുക നഷ്ടപരിഹാരം നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വാഗ്ദാനംചെയ്തിട്ടുണ്ടെന്നാണ് കര്‍ഷകര്‍ പറയുന്നത്.

ചെന്നൈ, പൂനമല്ലി (തമിഴ് നാട്), ആരക്കോണം (തമിഴ് നാട്), ചിറ്റൂര്‍ (ആന്ധ്രപ്രദേശ്), ബംഗാര്‍പേട്ട് (കര്‍ണാടക), ബെംഗളൂരു (കര്‍ണാടക), ചന്നപട്ടണ (കര്‍ണാടക), മാണ്ഡ്യ (കര്‍ണാടക), മൈസൂരു (കര്‍ണാടക) എന്നീ സ്ഥലങ്ങളില്‍ സ്റ്റേഷനുകളുണ്ടാകും. പാലങ്ങളിലും തുരങ്കങ്ങളിലും റെയില്‍പ്പാതകള്‍ നിര്‍മിക്കും. അതിവേഗ റെയില്‍പ്പാത വരുന്നതോടെ ചെന്നൈയില്‍നിന്ന് മൈസൂരുവിലേക്ക് രണ്ടുമണിക്കൂര്‍ 25 മിനിറ്റുകൊണ്ട് എത്തിച്ചേരാനാകും.

ശരാശരി 250 കിലോമീറ്റര്‍ വേഗത്തിലാകും തീവണ്ടി സഞ്ചരിക്കുക. പരമാവധി 350 കിലോമീറ്റര്‍വരെ വേഗത്തില്‍ സഞ്ചരിക്കാനാകുന്ന തീവണ്ടിയില്‍ 750 യാത്രക്കാരെ ഉള്‍ക്കൊള്ളിക്കാനാവുമെന്നാണ് അധികൃതര്‍ പറയുന്നത്. പാത കടന്നുപോകുന്ന സ്ഥലങ്ങളില്‍ കെട്ടിടങ്ങളുണ്ടെങ്കില്‍ സ്ഥലത്തിനുള്ള നഷ്ടപരിഹാരത്തിന് പുറമേ കൂടുതല്‍ നഷ്ടപരിഹാരം നല്‍കുമെന്ന് കോലാര്‍ ഡെപ്യൂട്ടി കമ്മിഷണര്‍ പറഞ്ഞു.

Post a Comment

Before post Ad



 

Facebook

whatsapp group join banner