പേരുകേട്ടാല്‍ പേടിക്കും, രൂപവും ഏതാണ്ട് അതേപോലൊക്കെ തന്നെ. എന്നാല്‍, പുറംതൊലി നീക്കി അകത്തെത്തിയാല്‍ ആരെയും കൊതിപ്പിക്കുന്ന രൂപത്തില്‍ മധുരത്തില്‍ ചാലിച്ച പഴത്തിന്റെ സൗന്ദര്യം കാണാം. ഏറെ ആരോഗ്യ ഗുണങ്ങളുള്ള ഡ്രാഗണ്‍ പഴം വീട്ടിലെ ടെറസില്‍ തന്നെ വിളയിക്കാം. മലയോര മേഖലയിലെ കര്‍ഷകര്‍ക്കും പരീക്ഷിക്കാവുന്നതാണ് ഡ്രാഗണ്‍ ഫ്രൂട്ട്. കിലോഗ്രാമിന് 100 മുതല്‍ 250 രൂപ വരെ ലഭിക്കും. വ്യാളിപ്പഴം, കള്ളിപ്പഴം, പിത്തായ തുടങ്ങിയ പേരുകളിലും അറിയപ്പെടുന്നു. 20 വര്‍ഷത്തോളം ആയുസ്സുള്ള വിളയാണ് ഡ്രാഗണ്‍ ഫ്രൂട്ട്. നട്ട് രണ്ടാംവര്‍ഷം മുതല്‍ വിളവ് ലഭിക്കും. പകല്‍ ദൈര്‍ഘ്യം കൂടുതലുള്ള കാലത്താണ് പൂക്കള്‍ കൂടുതലായി ഉണ്ടാകുന്നത്. ഒരു വര്‍ഷം നാലോ അഞ്ചോ തവണ പൂക്കളുണ്ടാകും.
നിരന്നതോ തട്ടുകളാക്കിയതോ ആയ പുരയിടത്തില്‍ 2.5 മുതല്‍ 3.5 മീറ്റര്‍ അകലത്തില്‍ തൈകള്‍ നടാവുന്നതാണ്. രണ്ട് മീറ്റര്‍ നീളമുള്ള തടിയോ കോണ്‍ക്രീറ്റ് കാലുകളോ ഒന്നരയടി താഴ്ത്തി കുഴിച്ചിട്ട് അതില്‍വേണം ചെടികള്‍ വളര്‍ത്താന്‍ തൂണിന്റെ മുകളറ്റത്ത് പഴയ ടയര്‍ കെട്ടിവയ്ക്കണം. ചെടിയുടെ അമിതവളര്‍ച്ച നിയന്ത്രിച്ച് നല്ല വിളവ് ലഭിക്കാനാണ് ഇത്. തെളിഞ്ഞ സൂര്യപ്രകാശം ഉണ്ടായിരിക്കണം. എന്നാല്‍, പൊരിവെയില്‍ വേണ്ട. ഒരല്‍പം തണുപ്പുമാകാം. ഇതാണ് ഡ്രാഗണ്‍ ഫ്രൂട്ട് തഴച്ചുവളരാന്‍ വേണ്ട ശരിയായ കാലാവസ്ഥ. മലയോര മേഖലയിലെ ഏപ്രില്‍, മെയ്മാസത്തിലെ കാലാവസ്ഥ ഡ്രാഗണ്‍ ഫ്രൂട്ടിന് മികച്ച വിളവുണ്ടാകുന്നതിന് അനുയോജ്യമാണെന്നു കണ്ടിട്ടുണ്ട്. മണ്ണിലെ ഈര്‍പ്പം സൂക്ഷിക്കുന്നതിന് തുള്ളിനന സംവിധാനം ഏര്‍പ്പടുത്തുന്നതു നല്ലതാണ്.
വിളവെടുത്താല്‍ 15 ദിവസത്തോളം കേടാകാതെ ഇരിക്കും. ഒരേക്കറില്‍നിന്ന് ഒരു ലക്ഷം മുതല്‍ നാല് ലക്ഷം രൂപ വരെയാണ് ശാസ്ത്രീയമായി കൃഷി ചെയ്താല്‍ ഡ്രാഗണ്‍ ഫ്രൂട്ടില്‍നിന്നു ലഭിക്കുന്ന വാര്‍ഷിക ലാഭം. ആദായത്തിന്റെ കാര്യത്തില്‍ ഏലംകൃഷിയോട് കിടപിടിക്കും ഡ്രാഗണ്‍ ഫ്രൂട്ട്. ഡ്രാഗണ്‍ ഫ്രൂട്ട് അങ്ങനെതന്നെ വില്‍ക്കുന്നതിന് പകരം മൂല്യവര്‍ധിത ഉല്‍പന്നമാക്കിയാല്‍ ഇരട്ടിയിലധികം ലാഭം നേടാവുന്നതാണ്. ഫ്രൂട്ട് സാലഡ്, പഴച്ചാറ്, ജാം, ഐസ്‌ക്രീം, സിറപ്പ്, യോഗര്‍ട്ട്, ജെല്ലി, കാന്‍ഡി, പേസ്ട്രി തുടങ്ങിയ നിരവധി ഉല്‍പന്നങ്ങള്‍ തയ്യാറാക്കാന്‍ കഴിഞ്ഞാല്‍ കൂടുതല്‍ നേട്ടമുണ്ടാക്കാം. ഡ്രാഗണ്‍ ഫ്രൂട്ട് ചെടിയുടെ പൂമൊട്ടുകള്‍ സൂപ്പ്, സാലഡ് എന്നിവ ഉണ്ടാക്കാനും ഉപയോഗിക്കുന്നുണ്ട്. ഇതിന് പുറമെ ഡ്രാഗണ്‍ ഫ്രൂട്ടിന്റെ തൈകള്‍ വിറ്റും വരുമാനം നേടാം.
മെക്‌സിക്കോ, മധ്യ- ദക്ഷിണ അമേരിക്ക പ്രദേശത്ത് ഉദ്ഭവിച്ച് പിന്നീട് ഏഷ്യന്‍ രാജ്യങ്ങളിലേക്ക് കുടിയേറിയ പഴമാണ് ഡ്രാഗണ്‍ ഫ്രൂട്ട്. എതാനും വര്‍ഷംമുമ്പ് മാത്രമാണ് കേരളത്തിലെത്തിയത്. കള്ളിച്ചെടിപോലെ മാംസളമായ തണ്ടില്‍ ഉണ്ടാകുന്ന കായകളുടെ പുറംഭാഗത്തെ തൊലിയില്‍ ചിറകുകള്‍പോലെ ചെതുമ്പലുണ്ട്. ഇതിനുള്ളിലെ കാമ്പാണ് ഭക്ഷ്യയോഗ്യം. ഒരെണ്ണത്തിന് 300- 400 ഗ്രാം ഭാരമുണ്ടാകും. പുതുതായി കൃഷി ചെയ്യുന്നവര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ഹോര്‍ട്ടി കള്‍ച്ചര്‍ മിഷന്റെ നേതൃത്വത്തില്‍ ഹെക്ടറിന് 30,000 രൂപ വരെ സബ്സിഡി നല്‍കും. ഇതിന് പുറമെ കൃഷി ഭവനുകള്‍ വഴി നടീല്‍വസ്തുക്കളും കുറഞ്ഞ നിരക്കില്‍ വിതരണം ചെയ്യുന്നുണ്ട്.
Post a Comment