കേരളത്തിലെ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന ജപ്തിവിരുദ്ധ ബില്‍ കേരള നിയമസഭ പാസ്സാക്കി. 1968ലെ നിയമം ഭേദഗതി ചെയ്തുകൊണ്ടാണ് 2024ലെ നികുതി വസൂലാക്കല്‍ (ഭേദഗതി) ബില്‍ ( The Kerala Taxation Laws (Amendment) Bill- 2024) കേരള നിയമസഭ ഒറ്റക്കെട്ടായി പാസാക്കിയത്. ഇനി കുടുംബങ്ങളെ തെരുവിലേക്ക് ഇറക്കി വിടാനാവില്ല. കേരളത്തിലെ ഏതൊരു ബാങ്കിനും, ധനകാര്യ സ്ഥാപനത്തിനും, ഇതര വകുപ്പുകള്‍ക്കും വീടും സ്ഥലവും കെട്ടിടവും വസ്തുവും ജപ്തി ചെയ്തുകൊണ്ട് ഒരു കുടുംബത്തെയും തെരുവിലേക്ക് ഇറക്കിവിടുന്ന പ്രവൃത്തി ഇനി ചെയ്യാന്‍ കഴിയില്ല.
കേരളത്തിലെ സഹകരണ ബാങ്കുകള്‍, ദേശസാല്‍കൃത ബാങ്കുകള്‍, ഷെഡ്യൂള്‍ഡ് ബാങ്കുകള്‍, കൊമേഴ്‌സ്യല്‍ ബാങ്കുകള്‍ തുടങ്ങിയവയുടെ എല്ലാതരം ജപ്തി നടപടികളിലും കേരള സര്‍ക്കാരിന് ഇടപെടാന്‍ പൂര്‍ണ അധികാരം നല്‍കുന്ന ജപ്തിവിരുദ്ധ നിയമമാണ് നിയമസഭ പാസാക്കിയത്. 1968ലെ 87 സെക്ഷനുകള്‍ അടങ്ങിയ നിയമം കേരള നിയമസഭ ഭേദഗതി ചെയ്തു. എല്ലാതരം ജപ്തി നടപടികളിലും ഇടപെടാനും, സ്റ്റേ നല്‍കാനും, മൊറട്ടോറിയം പ്രഖ്യാപിക്കാനും സര്‍ക്കാരിന് പുതിയ ജപ്തിവിരുദ്ധ ബില്‍ അധികാരവും അവകാശവും നല്‍കുന്നു.
25,000 രൂപ വരെ തഹസില്‍ദാര്‍, ഒരു ലക്ഷം രൂപ വരെ ജില്ലാ കലക്ടര്‍, അഞ്ച് ലക്ഷം രൂപ വരെ റവന്യൂമന്ത്രി, 10 ലക്ഷം രൂപ വരെ ധനമന്ത്രി, 20 ലക്ഷം രൂപ വരെ കേരള മുഖ്യമന്ത്രി, 20 ലക്ഷം രൂപയ്ക്കു മുകളില്‍ കേരള സര്‍ക്കാര്‍ എന്നീ അധികാര കേന്ദ്രങ്ങള്‍ക്ക് ജപ്തി നടപടികള്‍ തടയാനും, ഗഡുക്കള്‍ നല്‍കി സാവകാശം അനുവദിച്ചു നല്‍കാനും, ജപ്തി നടപടികളില്‍ മൊറട്ടോറിയം പ്രഖ്യാപിക്കാനും സാധിക്കും. ജപ്തി ചെയ്യുന്ന വീട്, ഭൂമി, കെട്ടിടം, വസ്തു എന്നിവ ഇനി ഉടമയ്ക്ക് വില്‍ക്കുകയും ചെയ്യാം.
Post a Comment