ജൂണിലെ പണപ്പെരുപ്പ നിരക്ക് 3.36 ശതമാനം

ജൂണിലെ പണപ്പെരുപ്പ നിരക്ക് 3.36 ശതമാനം

 

മൊത്തവില സൂചികയുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ പണപ്പെരുപ്പം ജൂണില്‍ 3.36 ശതമാനമായി. മെയ് മാസത്തില്‍ ഇത് 2.61 ശതമാനം ആയിരുന്നു. കഴിഞ്ഞ 16 മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഭക്ഷ്യവസ്തുക്കള്‍, പെട്രോളിയം, പ്രകൃതിവാതകം, മിനറല്‍ ഓയിലുകള്‍, മറ്റ് നിര്‍മാണ മേഖലകള്‍ എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലെ വിലക്കയറ്റമാണ് മൊത്തവില പണപ്പെരുപ്പം ഉയരുന്നതിലേക്ക് നയിച്ചത്. പച്ചക്കറിവില ഉയരുന്നതും നിര്‍മാണ മേഖലയിലെ വിലക്കയറ്റവും ആശങ്ക ഉയര്‍ത്തുന്നതാണെന്ന് വിദഗ്ധര്‍ പറയുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ തീവ്രമായ ഉഷ്ണതരംഗവും പിന്നീട് ഉണ്ടായ കനത്ത വെള്ളപ്പൊക്കവുമാണ് പച്ചക്കറിവില ഉയരുന്നതിനു കാരണമായത്.

മെയ് മാസത്തിലെ 9.82 ശതമാനത്തില്‍നിന്ന് ജൂണില്‍ ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം 10.87 ശതമാനമായി ഉയര്‍ന്നു. പച്ചക്കറിയുടെ വിലക്കയറ്റം ജൂണില്‍ 38.76 ശതമാനമാണ്. മെയ് മാസത്തിലെ 21.95 ശതമാനത്തില്‍നിന്ന് ജൂണ്‍ മാസത്തില്‍ പയര്‍വര്‍ഗങ്ങളുടെ പണപ്പെരുപ്പം 21.64 ശതമാനത്തിലെത്തി. ധാന്യങ്ങളുടെ വിലക്കയറ്റം 9.27 ശതമാനമാണ്. മുട്ട, മാംസം, മത്സ്യം എന്നിവയുടെ വിലക്കയറ്റം മെയ് മാസത്തിലെ 0.68 ശതമാനത്തില്‍നിന്ന് ജൂണില്‍ -3.06 ശതമാനത്തിലെത്തി. ഉരുളക്കിഴങ്ങ്, ഉള്ളി എന്നിവയുടെ വിലക്കയറ്റം യഥാക്രമം 66.37 ശതമാനവും 93.35 ശതമാനവും ആണ്.

പഴങ്ങളുടെ പണപ്പെരുപ്പം 10.14 ശതമാനവും പാലിന്റേത് 3.37 ശതമാനവുമാണ്. മെയ് മാസത്തില്‍ 1.35 ശതമാനമായിരുന്ന ഇന്ധന, വൈദ്യുതി പണപ്പെരുപ്പം ജൂണില്‍ 1.03 ശതമാനമായിട്ടുണ്ട്. ജൂണില്‍ പെട്രോളിയം, പ്രകൃതിവാതക മൊത്തവില പണപ്പെരുപ്പം 12.55 ശതമാനവും ക്രൂഡ് പെട്രോളിയത്തിന്റേത് 14.04 ശതമാനവുമാണ്. പണപ്പെരുപ്പനിരക്ക് 4 ശതമാനത്തില്‍ താഴെയാണെങ്കില്‍ അത് അപകടകരമായ സ്ഥിതിവിശേഷമായി സാമ്പത്തികവിദഗ്ധര്‍ കണക്കാക്കാറില്ല.

Post a Comment

Before post Ad



 

Facebook

whatsapp group join banner