വിഷമില്ലാത്ത ഒരിനം പാമ്പാണ് പച്ചിലപ്പാമ്പ്. വൃക്ഷത്തിലെ പച്ചിലകള്‍ക്കിടയിലാണ് ഇവയുടെ താവളം. നീണ്ട തലയും പച്ചനിറവുമാണിവയ്ക്ക്. ഒരു മരത്തില്‍നിന്ന് മറ്റൊന്നിലേക്ക് വളരെ വേഗത്തില്‍ ഇവയ്ക്ക് സഞ്ചരിക്കാന്‍ സാധിക്കും. ചിലയിടത്തില്‍ വില്ലോളിപാമ്പ് എന്നു വിളിക്കാറുണ്ട്. ഇവയില്‍ ചിലതിന് വായുവിലൂടെ തെന്നി ഊര്‍ന്നിറങ്ങാന്‍ സാധിക്കുന്നതിനാല്‍ ഇവയെ പറക്കുംപാമ്പ് എന്നി വിളിക്കുന്നവരും ഉണ്ട്. പച്ചോലപ്പാമ്പ്, പച്ച പാമ്പ്, കണ്‍കൊത്തിപ്പാമ്പ് എന്നിങ്ങനെയും അറിയപ്പെടുന്നു.
തീരെ വണ്ണം കുറഞ്ഞ ഇവയ്ക്ക് വിഷമില്ല. പൂന്തോട്ടത്തിലോ, കുറ്റിക്കാടുകളിലോ പച്ചിലകള്‍ക്കിടയില്‍ പതുങ്ങിയിരുന്നാണ് ഇരപിടിത്തം. ചെറുപക്ഷികള്‍, തവള, ഓന്ത്, പല്ലി, ഉടുമ്പിന്റെ കുഞ്ഞ് തുടങ്ങിയവയാണ് ആഹാരം. ഈ പാമ്പിനെ ശല്ല്യംചെയ്താല്‍ തലനീട്ടി കൊത്താന്‍ ശ്രമിക്കുകയും വായ വലുതായി തുറന്ന് പിങ്ക് നിറത്തിലുള്ള നാവ് നീട്ടി ഭയപ്പെടുത്തുകയും ചെയ്യും. പ്രസവിക്കുന്ന പാമ്പുകളാണിവ. ഒറ്റ പ്രസവത്തില്‍ 23 കുഞ്ഞുങ്ങള്‍വരെ ഉണ്ടാവും.
മൂന്നിനത്തില്‍പ്പെട്ട പച്ചില പാമ്പുകള്‍ കേരളത്തിലുണ്ട്. ഒരു പച്ചവള്ളി പോലെ കിടക്കുന്ന പച്ചിലപാമ്പിനെ വള്ളിപ്പടര്‍പ്പുകളില്‍ കണ്ടെത്തുക പ്രയാസകരമാണ്. ഇതിന്റെ നിറം പരിസരത്തെ വര്‍ണവുമായി ചേര്‍ന്നുകിടക്കുന്നതിനാല്‍ ആരുടേയും കണ്ണില്‍പെടാതെ സൂത്രത്തില്‍ ഇഴഞ്ഞുമാറാന്‍ ഇതിനാവും.
നേര്‍ത്ത പച്ചനിറമുള്ള മറ്റൊരിനം പാമ്പ് ഉണ്ട്: മലബാര്‍ പിറ്റ് വൈപ്പര്‍. മലയാളത്തില്‍ ചോലമണ്ഡലി എന്നറിയപ്പെടുന്നു. വിഷത്തിന് അണലിയുടെയത്ര വീര്യം ഇല്ലെങ്കിലും അപകടകാരിയാണ്. ഈ പാമ്പിന്റെ കടിയേറ്റ് മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ തമിഴ്‌നാട്, ഗോവ, കേരളം, മഹാരാഷ്ട്ര, കര്‍ണാടക എന്നിവിടങ്ങളില്‍ കാണപ്പെടുന്നു. ഈ പാമ്പുകളെ കാട്ടരുവികളിലെ പാറക്കെട്ടുകള്‍ക്കിടയിലാണ് കൂടുതലായും കണ്ടുവരുന്നത്. നിറംമാറാനുള്ള കഴിവ് പ്രധാന സവിശേഷതയാണ്. പച്ചനിറമുള്ള ശരീരത്തില്‍ തവിട്ട് അടയാളങ്ങളാണ് ഈ പാമ്പിന്റെ പ്രത്യേകത. എന്നാല്‍, ഇവയുടെ ശരീരത്തിലെ നിറം ഇടയ്ക്ക് വ്യത്യാസപ്പെ ടാറുണ്ട്.
ത്രികോണാകൃതിയില്‍ പരന്ന വലിയ തലയും, മുന്നോട്ടുന്തിയ മൂക്കും, ശരീരത്തിലെ പച്ചനിറവും ഈ പാമ്പിനെ തിരിച്ചറിയാന്‍ സഹായിക്കുന്നു. ഏതാണ്ട് മുക്കാല്‍ മീറ്ററാണ് ഇവയുടെ നീളം. ഇരയുടെ ഉള്ളിലേക്ക് ആഴത്തില്‍ വിഷം കുത്തിവയ്ക്കാന്‍ ഇവയുടെ നീണ്ട പല്ലുകള്‍ക്ക് കഴിയും. ഇരയുടെ രക്തത്തിലും പേശികളിലുമാണ് വിഷം പ്രധാനമായും പ്രവര്‍ത്തിക്കുന്നത്. പിറ്റ് വൈപ്പറുകള്‍ക്ക് മുഖത്ത് വലിയ ചൂട് സെന്‍സിങ് കുഴികളുണ്ട്. സാവധാനത്തിലാണ് സഞ്ചാരം. പ്രസവിക്കുന്ന പാമ്പാണ്.
Post a Comment