കുടുംബശ്രീയുടെ റേഡിയോ പ്രക്ഷേപണം കേള്‍ക്കാന്‍ അഞ്ചുലക്ഷത്തോളം ശ്രോതാക്കള്‍. തുടങ്ങി ഒരു വര്‍ഷത്തിനകം കേരളത്തിനകത്തും പുറത്തുമായി ശ്രോതാക്കള്‍ ഏറുകയാണ്. വീട്ടമ്മമാരെയും വനിതകളെയും സമൂഹത്തിന്റെ മുന്‍നിരയിലെത്തിക്കാന്‍ കുടുംബശ്രീ നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി 2023 മേയിലാണ് റേഡിയോശ്രീ പ്രക്ഷേപണം ആരംഭിച്ചത്. ഒരു വര്‍ഷത്തിനകം ഗള്‍ഫ്, യൂറോപ്പ്, അമേരിക്ക തുടങ്ങിയ രാജ്യങ്ങളില്‍നിന്നെല്ലാമായി പ്ലേസ്‌റ്റോറില്‍നിന്ന് റേഡിയോശ്രീ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു. നാട്ടുവിശേഷങ്ങള്‍ അറിയാനും പാട്ടുകള്‍ കേള്‍ക്കാനുമുള്ള പ്രവാസി മലയാളികളുടെ കൗതുകമാണ് ഈ വളര്‍ച്ചയ്ക്കു പിന്നില്‍.
ആപ്ലിക്കേഷനു പുറമേ കുടുംബശ്രീയുടെ വെബ് സൈറ്റില്‍നിന്നും ആളുകള്‍ റേഡിയോ കേള്‍ക്കുന്നുണ്ട്. 10 പരിപാടികളാണ് റേഡിയോശ്രീ ഇപ്പോള്‍ പ്രക്ഷേപണം ചെയ്തുകൊണ്ടിരിക്കുന്നത്. പ്രമുഖ റേഡിയോ ജോക്കികളും ഇന്‍ഫ്‌ലുവന്‍സറുമാണ് പരിപാടികള്‍ അവതരിപ്പിക്കുന്നത്. താമസിയാതെ റേഡിയോയുടെ നടത്തിപ്പ് പൂര്‍ണമായി കുടുംബശ്രീ ഏറ്റെടുക്കുന്നതോടെ റേഡിയോ ജോക്കികളുടെ റോളും വീട്ടമ്മമാര്‍തന്നെ നിര്‍വഹിക്കും. അതോടെ കൂടുതല്‍ സര്‍ഗാത്മക പരിപാടികളും ഉണ്ടാവും. അതിനായി കുടുംബശ്രീ സിഡിഎസ് അംഗങ്ങളില്‍നിന്ന് തിരഞ്ഞെടുക്കുന്നവര്‍ക്ക് പരിശീലനം നല്‍കാനുള്ള ഒരുക്കങ്ങളും നടന്നുവരുന്നു. അതോടെ കുടുംബശ്രീ അറിയിപ്പുകള്‍, നിയമവാര്‍ത്തകള്‍, പാചക കുറിപ്പുകള്‍, കുട്ടികളുടെ ആരോഗ്യം, ഫാഷന്‍ തുടങ്ങിയവയും പ്രോഗ്രാമുകളുടെ ഭാഗമാവും.
Post a Comment