കണ്ടല്‍: സുനാമിയെപോലും തടയുന്ന കടല്‍ഭിത്തി

കണ്ടല്‍: സുനാമിയെപോലും തടയുന്ന കടല്‍ഭിത്തി

 

നമ്മുടെ കടല്‍ത്തീരങ്ങളും പുഴയോരങ്ങളും സംരക്ഷിക്കുന്നതിന് പ്രകൃതി തന്നെ ഒരുക്കിയിരിക്കുന്ന ഹരിത മതിലുകളാണ് കണ്ടല്‍ക്കാടുകള്‍. സുനാമികളെപ്പോലും പ്രതിരോധിക്കാനും ചുഴലിക്കാറ്റിന്റെപോലും ശക്തി കുറയ്ക്കാനും കഴിയുന്നതാണ് ഈ പ്രകൃതിയുടെ വരദാനം. കേരളത്തില്‍ ചില ഒറ്റപ്പെട്ട തുരുത്തുകളില്‍ മാത്രമാണ് കണ്ടല്‍കാടുകള്‍ ഉള്ളത്. 590 കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന തീരപ്രദേശം ഉള്ള കേരളത്തില്‍ ഓരോ വര്‍ഷവും ഉണ്ടാകുന്ന കടല്‍ക്ഷോഭങ്ങളില്‍പ്പെട്ട് വന്‍തോതില്‍ തീരശോഷണം ഉണ്ടായിക്കൊണ്ടിരിക്കുകയാണ്. 2004 ഡിസംബര്‍ 26ന് ഇന്ത്യന്‍ മഹാസമുദ്രത്തിലുണ്ടായ സുനാമി ഇന്ത്യയില്‍ ഉള്‍പ്പെടെ 2.30 ലക്ഷം ജീവിതങ്ങളെ കവര്‍ന്നെടുത്തപ്പോള്‍ കേരളത്തില്‍ നഷ്ടപ്പെട്ടത് 168 പേരെയാണ്. എന്നാല്‍, സുനാമിയുടെ ആക്രമണം ഫലിക്കാതെ പോയത് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ സമൂഹത്തിലാണ്. അതിന് ആന്‍ഡമാനെ സഹായിച്ചത് തീരത്ത് കോട്ടപോലെ വളര്‍ന്നുനില്‍ക്കുന്ന കണ്ടല്‍ക്കാടുകളാണ്. കേരളത്തിലെ പുതുവയ്പ്പിലും തമിഴ്നാട്ടിലെ ചെന്നൈയ്ക്ക് സമീപമുള്ള പിച്ചാവരം, മുത്തുപേട് എന്നിവിടങ്ങളിലും പ്രകൃതിയുടെ ഈ സംരക്ഷണ കവചം ഫലപ്രദമായി പ്രവര്‍ത്തിച്ചതിനാല്‍ സുനാമി അവിടെ ബാധിച്ചില്ല. 

ലോകത്ത് 56 ഇനം കണ്ടലുകളുണ്ട്. അവയില്‍ 15 ഇനങ്ങള്‍ കേരളത്തിലുണ്ട്. ഒരു നൂറ്റാണ്ടു മുമ്പ് വരെ കേരളത്തില്‍ ഏകദേശം 1700 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ കണ്ടല്‍ വനങ്ങളുണ്ടായിരുന്നത്രെ. കേരളത്തിലെ 10 ജില്ലകളിലായുള്ള 21.12 ചതുരശ്ര കിലോമീറ്റര്‍ കണ്ടല്‍വനങ്ങളില്‍ 4.40 ചതുരശ്ര കിലോമീറ്റര്‍ കണ്ടല്‍ വനങ്ങള്‍ക്ക് മാത്രമാണ് നിയമാനുസൃത സംരക്ഷണം ഉറപ്പാക്കാനായിട്ടുള്ളത്. പ്രകൃതിക്ക് പലവിധ സഹായങ്ങളാണ് കണ്ടല്‍ച്ചെടികള്‍ നല്‍കുന്നത്. ചെറുപ്രാണികളും മത്സ്യങ്ങളും വസിക്കുന്ന വലിയൊരു ആവാസ വ്യവസ്ഥയാണ് കണ്ടല്‍ക്കാടുകള്‍. ഒരു ഹെക്ടര്‍ കണ്ടലുണ്ടെങ്കില്‍ വലിയൊരളവ് മത്സ്യസമ്പത്തിനെ സംരക്ഷിക്കാന്‍ കഴിയും. പ്രകൃതിദത്തമായ ഹാച്ചറിയാണ് കണ്ടല്‍ക്കാടുകള്‍. തീരശോഷണം തടയാന്‍ കണ്ടലുകള്‍ക്കു കഴിയും. വേരുകള്‍ കോര്‍ത്തുകെട്ടി അവ കെട്ടുന്ന വേലി തീരത്തിന് കരിങ്കല്‍ഭിത്തിയെക്കാളും സംരക്ഷണം നല്‍കും. പലതരം കണ്ടല്‍ചെടികളുടെയും ധാരാളം ഓരുജല മത്സ്യങ്ങളുടെയും പലതരം ഞണ്ടുകളുടെയും ജലപ്പക്ഷികളുടെയും സ്വാഭാവികമായ ആവാസവ്യവസ്ഥയും പ്രജനന കേന്ദ്രവുമാണ് ഈ കണ്ടല്‍. 

കണ്ടല്‍ക്കാടുകളാണ് മത്തിപോലുള്ള മത്സ്യങ്ങളുടെ സ്വാഭാവിക പ്രജനന കേന്ദ്രം. മത്സ്യക്കുഞ്ഞുങ്ങളുടെ ആദ്യകാല വളര്‍ച്ചയ്ക്ക് ആവശ്യമായ ഭക്ഷണം ലഭിക്കുന്നതു കണ്ടല്‍ വളരുന്ന വെള്ളത്തിലാണ്. കണ്ടല്‍ക്കാടുകള്‍ ഇല്ലാതായാല്‍ ഈ മത്സ്യങ്ങളും സുരക്ഷിത തീരം തേടും. കണ്ടല്‍ വ്യാപിക്കുന്നതോടെ മത്സ്യലഭ്യത പതിന്മടങ്ങ് വര്‍ധിക്കും. ദേശാടനക്കിളികളുടെ പ്രിയപ്പെട്ട ഇടംകൂടിയാണ് കണ്ടല്‍ക്കാടുകള്‍. കണ്ടല്‍ സംരക്ഷണത്തിനായി തീരവനം, ഹരിതതീരം തുടങ്ങി ഒട്ടേറെ പദ്ധതികളാണ് വനംവകുപ്പ് നടപ്പാക്കുന്നത്. തീരപ്രദേശങ്ങളില്‍ കാറ്റാടിപോലുള്ള മരങ്ങള്‍ നട്ടുപിടിപ്പിച്ച് തീരം സംരക്ഷിക്കുന്നതോടൊപ്പം എപ്പോഴും തിരയടിക്കുന്ന ഭാഗങ്ങളില്‍ സുനാമി ഉള്‍പ്പെടെയുള്ള കടല്‍ക്ഷോഭങ്ങള്‍ ചെറുക്കാന്‍ കഴിയുന്ന കണ്ടല്‍ച്ചെടികളും കുറ്റിച്ചെടികളും നട്ടുപിടിപ്പിക്കുന്ന ഹരിതതീരം പദ്ധതിയും വനംവകുപ്പ് നടപ്പാക്കിവരുന്നു. 

തീരപ്രദേശങ്ങളില്‍ കയര്‍ബാഗുകള്‍ സ്ഥാപിച്ച് മണല്‍ നിറച്ച് അവയില്‍ കണ്ടല്‍ച്ചെടികള്‍ വളര്‍ത്തിയെടുക്കുന്ന രീതി വിജയപ്രദമാണെന്ന് കണ്ടിട്ടുണ്ട്. അവ പൂര്‍ണ വളര്‍ച്ചയെത്തുമ്പോഴേക്ക് കയര്‍ ബാഗുകള്‍ നശിച്ചാലും കണ്ടല്‍ച്ചെടികള്‍ സംരക്ഷണ കവചമായി ഒരു കോട്ടപോലെ നിലയുറപ്പിച്ച് കഴിഞ്ഞിരിക്കും. വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ കൈവശമുള്ള 235 ഹെക്ടര്‍ കണ്ടല്‍ വനം റിസര്‍വ് വനമായി പ്രഖ്യാപിക്കുന്നതിനും സ്വകാര്യ വ്യക്തികളുടെ കൈവശമുള്ള 925 ഹെക്ടര്‍ കണ്ടല്‍വനം പ്രതിഫലം നല്‍കിക്കൊണ്ട് ഏറ്റെടുക്കുന്നതിനും ഉദ്ദേശിച്ചുകൊണ്ട് കേരള സര്‍ക്കാര്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പദ്ധതിയാണ് മിഷന്‍ മാംഗ്രൂവ്. 

Post a Comment

Before post Ad



 

Facebook

whatsapp group join banner