വനിതകളുടെ 10 മീറ്റര്‍ എയര്‍പിസ്റ്റളില്‍ മനു ഭാക്കര്‍ വെങ്കലം സ്വന്തമാക്കി. 12 വര്‍ഷത്തിനു ശേഷമാണ് ഇന്ത്യക്ക് ഷൂട്ടിങ്ങില്‍ മെഡല്‍ ലഭിക്കുന്നത്. യോഗ്യതാ റൗണ്ടില്‍ മൂന്നാമതായാണ് 22 കാരി മനു ഭാക്കര്‍ ഫൈനലിലെത്തിയത്. യോഗ്യതാ റൗണ്ട് മുതല്‍ മികച്ച പ്രകടനമാണ് മനു ഭാക്കര്‍ നടത്തിയത്. ആദ്യ 14 ഷോട്ടുകള്‍ കഴിഞ്ഞപ്പോള്‍ മൂന്നാം സ്ഥാനത്തായിരുന്നു താരം. കൊറിയന്‍ താരത്തിന്റെ കടുത്ത വെല്ലുവിളി മറികടന്നാണ് മനു മെഡല്‍ നേടിയത്. നേരിയ പോയിന്റ് വ്യത്യാസത്തിലാണ് മനു ഭാക്കറിന് വെള്ളി നഷ്ടമായത്.
ടോക്യോ ഒളിംപിക്സില്‍ ആ 19 വയസുകാരി നിറകണ്ണുകളോടെയാണ് കളംവിട്ടതെങ്കില്‍, 2024ല്‍ വെങ്കലമെഡലില്‍ മുത്തമിട്ട് മനു ഭാക്കര്‍ എന്ന 22 കാരി പാരീസ് ഒളിംപിക്സില്‍ ഇന്ത്യന്‍ പതാക പാറിച്ച് രാജ്യത്തിന്റെ യശസുയര്‍ത്തി. 2020 ഒളിംപിക്സില്‍ പിസ്റ്റലിലെ തകരാര്‍ കാരണം യോഗ്യതാ റൗണ്ട് കടക്കാന്‍ സാധിക്കാതെ കണ്ണീരോടെ ഷൂട്ടിങ് റേഞ്ച് വിട്ട താരം ഇന്ന് ആത്മവിശ്വാസത്തിന്റെ പുഞ്ചിരിയുമായി വെങ്കല മെഡലില്‍ മുത്തമിട്ടപ്പോള്‍ രാജ്യത്തിന് അഭിമാനം.
ടോക്കിയോ ഒളിമ്പിക്സിനുശേഷം താന്‍ കടുത്ത നിരാശയിലായിരുന്നുവെന്നും അത് മറികടക്കാന്‍ ഒരുപാട് സമയമെടുത്തുവെന്നും വിജയശേഷം മനു ഭാക്കര്‍ പ്രതികരിച്ചു. 'എനിക്ക് ചെയ്യാന്‍ സാധിക്കുന്നത് പരമാവധി ഞാന്‍ ചെയ്തു. ഈ വിജയം സ്വപ്‌നതുല്യമായ ഒന്നാണ്. ഇതിനുപിന്നില്‍ കഠിന പരിശ്രമമുണ്ടായിരുന്നു. അവസാന ഷോട്ടില്‍ മുഴുവന്‍ ശേഷിയും ഉപയോഗിച്ച് ഞാന്‍ പൊരുതി. അടുത്ത ഇവന്റില്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നാണ് എന്റെ പ്രതീക്ഷ. താന്‍ ഇവിടെ ആത്മവിശ്വസത്തോടെ നില്‍ക്കുന്നതിന് കാരണഭൂതരായ എല്ലാ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും അഭ്യുദയകാംക്ഷികള്‍ക്കും നന്ദിയുണെന്നും മനു പറഞ്ഞു. മനുവിന്റെ മറുപടിയില്‍ തികഞ്ഞ ആത്മവിശ്വസവും അഭിമാനവും നിറഞ്ഞുനിന്നു. ഇനിയും നിരവധി മെഡലുകള്‍ക്ക് രാജ്യത്തിന് അര്‍ഹതയുണ്ടെന്നും മനു പറഞ്ഞു.
ഒളിംപിക്സില്‍ വനിതാ വിഭാഗം ഷൂട്ടിങ് വ്യക്തിഗത ഇനത്തില്‍ ഇന്ത്യയുടെ ആദ്യ മെഡലാണ് മനു ഭാക്കറുടേത്്. 2018 ലെ ഐഎസ്എസ്എഫ് ലോകകപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് രണ്ട് സ്വര്‍ണ മെഡലുകള്‍ കരസ്ഥമാക്കി. ഐഎസ്എസ്എഫ് ലോകകപ്പില്‍ സ്വര്‍ണമെഡല്‍ നേടിയ ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിയാണ്. 2017ലെ ഏഷ്യന്‍ ജൂനിയര്‍ ചാംപ്യന്‍ഷിപ്പില്‍ വെള്ളി മെഡല്‍ നേടിയതോടെയാണ് മനു ഭാക്കര്‍ അന്താരാഷ്ട്ര രംഗത്ത് ശ്രദ്ധ നേടുന്നത്. പിന്നീട് ദേശീയ ഗെയിംസില്‍ മനു ഭാക്കര്‍ ഷൂട്ടിങ്ങില്‍ 9 സ്വര്‍ണ മെഡലുകള്‍ നേടി.
ജനനതീയതി: 2002, ഫെബ്രുവരി 18
ജനന സ്ഥലം: ഝജ്ജര്‍
വിദ്യാഭ്യാസം: ലേഡി ശ്രീറാം കോളേജ് ഫോര്‍ വുമണ്‍
രക്ഷിതാക്കള്‍: റാം കിഷന്‍ ഭാക്കര്‍, സുമേധ ഭാക്കര്‍
ഉയരം: 156 സെന്റിമീറ്റര്‍.
Post a Comment