മനുഷ്യശരീരത്തിലെ നിര്‍ജലീകരണം ഒഴിവാക്കി ജീവന്‍ സംരക്ഷിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗമാണ് ഒആര്‍എസ്(Oral Rehydration Drinks). ഒആര്‍എസില്‍ ഗ്ലൂക്കോസ്, സോഡിയം ക്ലോറൈഡ്, സോഡിയം സിട്രേറ്റ്, പൊട്ടാഷ്യം ക്ലോറൈഡ് എന്നിവ അടങ്ങിയിരിക്കുന്നു. ഒആര്‍എസ് നല്‍കുന്നതിലൂടെ ജലാംശവും ലവണാംശവും നഷ്ടപ്പെടാതിരിക്കാന്‍ സഹായിക്കുന്നു. ഡോക്ടറുടെയോ ആരോഗ്യ പ്രവര്‍ത്തകരുടേയോ നിര്‍ദേശാനുസരണം കൃത്യമായ അളവിലും ഇടവേളകളിലും ഒആര്‍എസ് ലായനി കൊടുക്കേണ്ടതാണ്. രോഗിക്ക് ഛര്‍ദി ഉണ്ടെങ്കില്‍ അല്‍പാല്‍പമായി ഒആര്‍എസ് ലായനി നല്‍കണം. എല്ലാ വീടുകളിലും, പ്രത്യേകിച്ച് കുട്ടികളുള്ള വീടുകളില്‍ ഒആര്‍എസ് പാക്കറ്റുകള്‍ സൂക്ഷിക്കുക. കേരളത്തിലെ എല്ലാ സര്‍ക്കാര്‍ ആരോഗ്യ സ്ഥാപനങ്ങളിലും ഒആര്‍എസ് സൗജന്യമായി ലഭിക്കും.
വയറിളക്കമുള്ളപ്പോള്‍ ഒആര്‍എസിനൊപ്പം ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശ പ്രകാരം സിങ്ക് ഗുളികയും നല്‍കേണ്ടതാണ്. ഇതിലൂടെ രോഗംമൂലമുള്ള ജലനഷ്ടവും ലവണനഷ്ടവും പരിഹരിക്കാനാകും. രണ്ട് മുതല്‍ ആറ് മാസം വരെ പ്രായമുള്ള കുട്ടികള്‍ക്ക് ദിവസം 10 മില്ലിഗ്രാം സിങ്ക് ഗുളികയും ആറ് മാസത്തിനു മുകളില്‍ പ്രായമുള്ള കുട്ടികള്‍ക്ക് 20 മില്ലിഗ്രാം സിങ്ക് ഗുളികയും 14 ദിവസം വരെ നല്‍കേണ്ടതാണ്. രോഗം ഭേദമായാലും 14 ദിവസംവരെ ഗുളിക നല്‍കേണ്ടതാണ്. ഇതിന്റെ പ്രാധാന്യം എല്ലാവരിലേക്കും എത്തിക്കുന്നതിനും ആവശ്യമുള്ളപ്പോള്‍ ഉപയോഗിക്കുന്നതിന് പ്രേരിപ്പിക്കുന്നതിനുമായിട്ടാണ് എല്ലാ വര്‍ഷവും ജൂലൈ 29ന് ഒആര്‍എസ് ദിനം ആചരിക്കുന്നത്.
ഒആര്‍എസ് ലായനി തയ്യാറാക്കേണ്ടത് എങ്ങനെ?
1, കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകുക
2, വൃത്തിയുള്ള പാത്രത്തില്‍ ഒരു ലിറ്റര്‍ തിളപ്പിച്ചാറിയ വെള്ളം എടുക്കുക.
3, ഒരു പാക്കറ്റ് ഒആര്‍എസ് വെള്ളത്തിലിട്ട് സ്പൂണ്‍ കൊണ്ട് നന്നായി ഇളക്കുക.
4, വയറിളക്കരോഗമുള്ള രോഗികള്‍ക്ക് ഈ ലായനി നല്‍കേണ്ടതാണ്.
5, കുഞ്ഞുങ്ങള്‍ക്ക് ചെറിയ അളവില്‍ നല്‍കാം. ഛര്‍ദിയുണ്ടെങ്കില്‍ 5 മുതല്‍ 10 മിനിറ്റ് കഴിഞ്ഞ് വീണ്ടും നല്‍കുക.
6, ഒരിക്കല്‍ തയ്യാറാക്കിയ ലായനി 24 മണിക്കൂറിനുശേഷം ഉപയോഗിക്കാന്‍ പാടില്ല.
Post a Comment