കാപ്പിക്കുരുവിന് വില വര്‍ധിച്ചതോടെ കാപ്പിപ്പൊടിയുടെ വിലയും ഉയരുകയാണ്. ഒരു കിലോ കാപ്പിപ്പൊടിക്ക് വില 600 മുതല്‍ 640 രൂപവരെയായി. കമ്പോളവില ഉയര്‍ന്നതും കാപ്പിക്കുരു കിട്ടാനില്ലാത്തതും ഇതര ചെലവുകള്‍ വര്‍ധിച്ചതുമെല്ലാം വിലകൂടാന്‍ കാരണമായിട്ടുണ്ട്. കാപ്പിക്കുരുവിന് ഇപ്പോള്‍ 205- 210 രൂപയും കാപ്പി പരിപ്പിന് 360 രൂപയുമാണ് കമ്പോളവില. ഇത് ഇടനിലക്കാരിലൂടെ കാപ്പിപ്പൊടി നിര്‍മാണ ഫാക്ടറികളിലേക്ക് എത്തുമ്പോള്‍ വില വീണ്ടും ഉയരും. വയനാട്, കൂര്‍ഗ്, ഇടുക്കിയിലെ ഹൈറേഞ്ച് എന്നിവിടങ്ങളില്‍നിന്നാണ് മധ്യകേരളത്തിലെ മിക്ക കമ്പനികളും കാപ്പിക്കുരു കളക്ട് ചെയ്യുന്നത്.
മികച്ചയിനം കാപ്പിക്കുരുവും പരിപ്പും ആവശ്യത്തിന് കിട്ടാനില്ലെന്ന പ്രശ്‌നമുണ്ട്. കഴിഞ്ഞ വേനലില്‍ ഏലം മാത്രമല്ല, കാപ്പികൃഷിയും തകര്‍ന്നടിഞ്ഞു. റോബസ്റ്റ, അറബിക്കാപ്പി, ലൈബീരിയന്‍ കാപ്പി തുടങ്ങിയവയാണ് പ്രധാന കാപ്പി തരങ്ങള്‍. അറബിക്കാപ്പിയാണ് കുടിക്കാന്‍ രുചിയുള്ളത്, എന്നാല്‍ ഉല്‍പാദനം കുറയും, അതിനാല്‍ കാപ്പിക്കര്‍ഷകര്‍ക്ക് അറബിയില്‍ അത്ര പഥ്യമില്ല. റോബസ്റ്റയാണ് കൃഷിക്കാര്‍ക്ക് പ്രിയം. ഏറെ വിളവുതരുന്ന ഇനമാണ് റോബസ്റ്റ. രുചിയും നന്ന്. മേട്ടുകാപ്പി എന്നുവിളിക്കുന്ന ലൈബീരിയന്‍ കാപ്പിയും കൃഷി കുറവാണ്. റോബസ്റ്റയും ലൈബീരിയനും വിറകിനും സൂപ്പര്‍. പുതുതലമുറ ഇനം കാവേരി (കുറ്റിക്കാപ്പി) ക്ക് പ്രചാരം ആയിവരുന്നതേയുള്ളൂ.
പ്രമുഖ കാപ്പിപ്പൊടി നിര്‍മാതാക്കളെല്ലാം ഒരു കിലോ കാപ്പിപ്പൊടി 500- 600 രൂപ നിരക്കിലാണ് ഇപ്പോള്‍ വില്‍ക്കുന്നത്. പ്രാദേശിക മില്ലുകളടക്കമുള്ള ചെറുകിട ഉല്‍പാദകര്‍ പൊടിച്ചുനല്‍കുന്നത് കിലോ 650 രൂപ നിരക്കിലാണ്. മുന്‍ വര്‍ഷത്തേക്കാള്‍ 150 രൂപയോളമാണ് കൂടിയത്. സ്ഥിതി തുടര്‍ന്നാല്‍ കാപ്പിപ്പൊടി വില ഇനിയും ഉയര്‍ത്തേണ്ടിവരുമെന്ന് കമ്പനികള്‍ പറയുന്നു. കാപ്പിവില ഉയര്‍ന്നത് കര്‍ഷകര്‍ക്ക് ആശ്വാസകരമായെങ്കിലും കാര്യമായ പ്രയോജനം ലഭിക്കാന്‍ സാധ്യതയില്ല. വേനലില്‍ കാപ്പിക്ക് ഉണക്ക് ബാധിച്ചതിനാല്‍ വരുംനാളുകളില്‍ ഉല്‍പാദനം കുറവായിരിക്കും. കാപ്പി തൊണ്ടോടെ 5- 6 വര്‍ഷംവരെ സൂക്ഷിച്ചുവയ്ക്കാനാവും. നീക്കിയിരിപ്പുള്ള കര്‍ഷകര്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കും. എന്നാല്‍, അത്തരക്കാര്‍ തീരെ കുറവാണുതാനും.
Post a Comment