സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളില്‍ മതം തിരുത്താന്‍ അനുമതി നല്‍കി കേരള ഹൈക്കോടതി. പുതിയ മതം സ്വീകരിച്ച രണ്ട് യുവാക്കളാണ് സര്‍ട്ടിഫിക്കറ്റ് തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളില്‍ മതം തിരുത്താന്‍ അനുവദിക്കുന്ന ഒരു വ്യവസ്ഥയും ഇല്ലെന്ന് അംഗീകരിക്കണമെങ്കില്‍പോലും, ഒരു വ്യക്തിയെ അവന്റെ ജനനംകൊണ്ട് മാത്രം ഒരു മതത്തില്‍ കെട്ടിയിടാന്‍ അത് കാരണമല്ല. ഇഷ്ടമുള്ള ഏത് മതവും സ്വീകരിക്കുന്നതിനും ആചരിക്കുന്നതിനും വിശ്വസിക്കുന്നതിനുമുള്ള സ്വാതന്ത്ര്യം ഭരണഘടനയുടെ 25(1) അനുച്ഛേദം ഉറപ്പുനല്‍കുന്നു. ആ സ്വാതന്ത്ര്യം ഉപയോഗിച്ച് ഒരാള്‍ മറ്റൊരു മതം സ്വീകരിക്കുകയാണെങ്കില്‍, അവന്റെ രേഖകളില്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തേണ്ടിവരുമെന്നും കോടതി പറഞ്ഞു.
2017 മേയിലാണ് ഹര്‍ജിക്കാര്‍ മതപരിവര്‍ത്തനം നടത്തിയത്. തുടര്‍ന്ന് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ മതം തിരുത്തി തരണമെന്ന് ആവശ്യപ്പെട്ട് പരീക്ഷാ കണ്‍ട്രോളറെ ഇവര്‍ ആദ്യം ബന്ധപ്പെട്ടു. എന്നാല്‍, സര്‍ട്ടിഫിക്കറ്റില്‍ മതം തിരുത്താന്‍ വ്യവസ്ഥയില്ലെന്ന് കാട്ടി കണ്‍ട്രോളര്‍ അപേക്ഷ നിരസിക്കുകയായിരുന്നു. തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. നിലവില്‍ വ്യവസ്ഥയില്ലെങ്കിലും സര്‍ട്ടിഫിക്കറ്റുകളില്‍ തിരുത്തലുകള്‍ക്ക് ഉത്തരവിടാന്‍ കോടതിക്ക് അധികാരമുണ്ടെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.
സര്‍ട്ടിഫിക്കറ്റുകളില്‍ തിരുത്തലുകള്‍ വരുത്താന്‍ വിസമ്മതിക്കുന്നത് ഹര്‍ജിക്കാരുടെ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നും അത്തരം കര്‍ക്കശമായ സമീപനം ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ക്ക് എതിരാണെന്നും കോടതി പറഞ്ഞു. സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളില്‍ മതംമാറ്റം സംബന്ധിച്ച് തിരുത്തല്‍ വരുത്തണമെന്ന ഇവരുടെ അപേക്ഷ നിരസിച്ച പരീക്ഷാ കണ്‍ട്രോളറുടെ ഉത്തരവ് കോടതി റദ്ദാക്കി. തുടര്‍ന്ന് റിട്ട് ഹര്‍ജി അനുവദിക്കുകയും ഹര്‍ജിക്കാരുടെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ മതം സംബന്ധിച്ച എന്‍ട്രി തിരുത്താന്‍ പരീക്ഷാ കണ്‍ട്രോളറോട് നിര്‍ദേശിക്കുകയും ചെയ്തു.
Post a Comment