തളിര്‍വെറ്റില എന്തിനു കൊള്ളാം? ചുണ്ണാമ്പു തേച്ച് അടയ്ക്കയും പുകയിലയും ചേര്‍ത്ത് ചവച്ചാല്‍ വായില്‍ നല്ല രുചിയും ചൊടികളില്‍ ചുവപ്പുനിറവും ആകെയൊരു ഉന്മേഷവും ലഭിക്കും. എന്നാല്‍, മൂല്യവര്‍ധിത വസ്തുക്കള്‍ നിര്‍മിക്കുന്നതോടെ വെറ്റിലയുടെ കാലവും തെളിയുകയാണ്. വെറ്റിലയില്‍നിന്ന് ഓയില്‍ നിര്‍മിക്കാന്‍ എറണാകുളത്തെ ഓയില്‍ ലീഫ് എക്‌സ്ട്രാക്ട് കമ്പനിയുമായി തിരൂര്‍ വെറ്റില ഉത്പാദക സംഘം ചര്‍ച്ചനടത്തി. വെറ്റിലയില്‍നിന്നുള്ള ഓയില്‍ വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മിച്ചു നല്‍കാമെന്ന് കമ്പനി അറിയിച്ചതായി ഉത്പാദക സംഘം ഭാരവാഹികള്‍ അറിയിച്ചു.
തേര്‍ഡ് ക്വാളിറ്റി വെറ്റില ഇലകള്‍ ഉപയോഗിച്ചും ഓയില്‍ നിര്‍മിക്കാന്‍ സാധിക്കും. നിലവില്‍ ഫസ്റ്റ്, സെക്കന്റ് ക്വാളിറ്റി ഇലകള്‍ വിപണിയില്‍ എത്തിക്കുമ്പോള്‍ തേര്‍ഡ് ക്വാളിറ്റി ഇലകള്‍ കര്‍ഷകര്‍ ഉപേക്ഷിക്കുകയാണ് പതിവ്. ഒരുമാസം പത്ത് കിന്റലില്‍ അധികം തേര്‍ഡ് ക്വാളിറ്റി ഇലകള്‍ ഉണ്ടാവാറുണ്ട്. ഇത് ഉപയോഗമില്ലാത്തതിനാല്‍ ഉപേക്ഷിക്കുന്നു. വെറ്റിലയ്ക്ക് എരിവുള്ളതിനാല്‍ കാലിത്തീറ്റയായി ഉപയോഗിക്കാനുമാവില്ല.
വെറ്റില ഓയില്‍ ഉപയോഗിച്ച് ആയുര്‍വേദ മരുന്നുകള്‍, സൗന്ദര്യസംവര്‍ധക വസ്തുക്കള്‍, ടൂത്ത്‌പേസ്റ്റ്, മൗത്ത് ഫ്രഷ്, ച്യൂയിങ് ഗം, മുറിവെണ്ണ എന്നിങ്ങനെ വിവിധ ഉത്പന്നങ്ങളുടെ നിര്‍മാണം മറ്റ് സംസ്ഥാനങ്ങളില്‍ നടക്കുന്നുണ്ട്. 100 മില്ലി വെറ്റില ഓയിലിന് ഓണ്‍ലൈന്‍ വ്യാപാര സൈറ്റുകളില്‍ 4000 രൂപ വരെ നല്‍കണം. വെറ്റില ഓയില്‍ കലര്‍ന്ന സൗന്ദര്യസംവര്‍ധക വസ്തുക്കള്‍ക്ക് വലിയ വിലയാണ്. വെറ്റിലയില്‍ ആന്റിമൈക്രോബിയല്‍, ആന്റി ഓക്‌സിഡന്റുകളുടെ വലിയ സാന്നിധ്യമുണ്ട്.
കേരളത്തില്‍ തിരൂര്‍ മേഖലയിലാണ് വെറ്റിലയ്ക്ക് കര്‍ഷകര്‍ കൂടുതലുള്ളത്. 27 പഞ്ചായത്തുകളിലായി 2500ഓളം കര്‍ഷകരുണ്ടിവിടെ. 220 ഏക്കറില്‍ വെറ്റില കൃഷി നടക്കുന്നു. ഡല്‍ഹിയിലേക്ക് ദിനംപ്രതി 1000 കെട്ട് വെറ്റില കയറ്റി അയക്കുന്നു. ഉത്തര്‍പ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും തിരൂര്‍ വെറ്റിലയ്ക്ക് നല്ല ഡിമാന്റുണ്ട്. കേരളത്തില്‍ വയനാട്, അട്ടപ്പാടി, വടകര, കൊല്ലം എന്നിവിടങ്ങളിലാണ് കൂടുതല്‍ ആവശ്യക്കാരുള്ളത്. വെറ്റിലയില്‍നിന്ന് കൂടുതല്‍ മൂല്യവര്‍ധിത ഉത്പ്പന്നങ്ങള്‍ നിര്‍മിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് കൂടുതല്‍ വരുമാനം ഉറപ്പിക്കാനും തിരൂര്‍ വെറ്റിലയുടെ അഭിവൃദ്ധിക്കും ഇതു സഹായകമാവും. 2020 ആഗസ്റ്റില്‍ തിരൂര്‍ വെറ്റിലയ്ക്ക് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ ഭൗമസൂചികാ പദവി ലഭിച്ചിരുന്നു.
Post a Comment