യുദ്ധകാലത്തെ സിവില്‍ അടിയന്തര ഉപയോഗത്തിനായി താല്‍കാലികമായി തോണികളുപയോഗിച്ച് നിര്‍മ്മിച്ചിരുന്ന പാലങ്ങളാണ് തോണിച്ചങ്ങാടം (ഫ്‌ളോട്ടിങ് പോന്റൂണുകള്‍) എന്നറിയപ്പെട്ടിരുന്നത്. മുമ്പ് നമ്മുടെ നാട്ടിലും കടവുകളില്‍ പല വള്ളങ്ങള്‍ ചേര്‍ത്തുകെട്ടി അതിനുമേല്‍ ബലവത്തായ തട്ടുണ്ടാക്കി ആളുകളെയും വാഹനങ്ങളും അക്കരയിക്കരെ കടത്തുസംവിധാനങ്ങള്‍ ഉണ്ടായിരുന്നു. ഇപ്പോഴും ഇത്തരം കടവുകള്‍ ചിലയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അഴിമുഖത്ത് കപ്പല്‍ ചാലിലെ യാത്രക്കാര്‍ക്ക് ബോട്ടില്‍നിന്ന് ഇറങ്ങുമ്പോഴും കയറുമ്പോഴും സുരക്ഷ നല്‍കാനായി ഇത് ഫ്‌ലോട്ടിങ്ങ് പോണ്‍ടൂണ്‍ ആയി സ്ഥാപിക്കാറുണ്ട്. ഇതിലൂടെ വേലിയേറ്റ- ഇറക്ക വേളയില്‍ ജെട്ടിയില്‍ അടുക്കുന്ന ബോട്ടുകള്‍ക്കൊപ്പം ടെര്‍മിനല്‍ പ്ലാറ്റ്‌ഫോമുകള്‍ ഉയരുകയും താഴുകയും ചെയ്യും. സൈനികാവശ്യങ്ങള്‍ക്കും കുംഭമേള പോലുള്ള ഉത്സവ സമയത്തും പ്രളയം പോലുള്ള പ്രകൃതി ക്ഷോഭ അവസരങ്ങളിലും പുതിയ കാലഘട്ടത്തില്‍ ടൂറിസം രംഗത്തുമെല്ലാം ഫ്‌ളോട്ടിങ് ബ്രിഡ്ജുകള്‍ ഉപയോഗിച്ചുവരുന്നു.
സാധാരണയായി ഒരു നദിയിലോ, അരുവിയിലോ ഉള്ള ജലത്തിന്റെ യഥാര്‍ത്ഥ ഒഴുക്ക് നിരക്ക് അളക്കാന്‍, സെക്കന്‍ഡില്‍ ക്യുബിക് മീറ്റര്‍ അല്ലെങ്കില്‍ സെക്കന്‍ഡില്‍ ക്യൂബിക് അടി എന്നിങ്ങനെയുള്ള യൂണിറ്റുകളാണ് ഉപയോഗിക്കുന്നത്. നാവികസേനയാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നതെങ്കില്‍ നോട്ടിക്കല്‍ യൂണിറ്റുകള്‍ സ്റ്റാന്‍ഡേര്‍ഡ് സംവിധാനമാക്കി കാര്യക്ഷമത ഉറപ്പുവരുത്തുന്നു. ഒരു സാധാരണ യൂണിറ്റ് മെഷര്‍മെന്റ് ഉപയോഗിക്കുമ്പോള്‍ വ്യത്യസ്ത നാവിക യൂണിറ്റുകളും മറ്റ് ഏജന്‍സികളും തമ്മിലുള്ള വിവരങ്ങള്‍ പങ്കിടുന്നത് എളുപ്പമാകും.
നോട്ടിക്കല്‍ മൈല്‍ എന്നുപറയുന്നത് ദൂരത്തിന്റെ ഏകകമാണ്. അതേസമയം നോട്ടില്‍ എന്നത് മണിക്കൂറില്‍ ഇത്രയും നോട്ടിക്കല്‍ മൈല്‍ എന്നതും ഉദ്ദേശിക്കുന്നു. ഒരു നോട്ട് എന്നത് 1.852 കിലോമീറ്ററിന് തുല്യമായ വേഗമാണ്. ഇത്രയും ഒഴുക്കുള്ളപ്പോള്‍ ഡിങ്കി പോലെയുള്ളവയില്‍നിന്നുള്ള ഡൈവിങിന് പരിമിതി ഉണ്ട്.
ഇത് മറികടക്കാന്‍ മുങ്ങല്‍വിദഗ്ധര്‍ക്ക് ഡൈവ് ചെയ്യാന്‍ സഹായകരമാകുന്ന തരത്തിലും ഫ്‌ലോട്ടിങ് പോന്റൂണുകള്‍ ഉപയോഗിക്കാറുണ്ട്. നദിയുടെ ദ്രുതപ്രവാഹം നദീതടത്തിലേക്ക് പ്രവേശിക്കുന്നതില്‍ മുങ്ങല്‍ വിദഗ്ധര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. ഫലപ്രദമായി പ്രവര്‍ത്തിക്കാനുള്ള ദൃശ്യപരതയെ ബാധിക്കുന്നത് മാത്രമല്ല, രക്ഷാപ്രവര്‍ത്തകര്‍ക്ക് അപകട സാധ്യതയുണ്ടാക്കുന്നതുമാണ് ഈ കുത്തൊഴുക്ക്. നേവിയാണ് തിരച്ചില്‍ നടത്തുന്നതെങ്കില്‍ നദിയുടെ പ്രവാഹവേഗം നോട്‌സ് വേഗത്തിലാണ് അറിയിക്കുന്നത്. മുങ്ങല്‍ വിദഗ്ധര്‍ക്ക് അവരുടെ ഉപകരണങ്ങള്‍ തയ്യാറാക്കാനും നദീതടത്തിലേക്ക് ഇറങ്ങാനും ഈ പോന്റൂണുകള്‍ ഒരു അടിത്തറ നല്‍കുന്നു.
Post a Comment