കട്ടക്കയ്പ്പാണ് ചെന്നിനായകത്തിന്. ഒരുപക്ഷേ നമ്മളില്‍ പലരും ആദ്യമായ് രുചിച്ച കയ്പുരസവും അതിന്റേതുതന്നെയാണ്. മുലകുടി നിര്‍ത്താന്‍ സമ്മതിക്കാതെ ശാഠ്യംപിടിച്ചു കരയുന്ന പല വാശിക്കുടുക്കകളെ അമ്മമാര്‍ തങ്ങളുടെ മുലകളില്‍ നിന്ന് എന്നെന്നേക്കുമായി വേര്‍പെടുത്തുക മുലക്കണ്ണില്‍ ചെന്നിനായകം തേച്ചുകൊണ്ടാണ്. ഒരിക്കല്‍ വായില്‍പെട്ടാല്‍ പിന്നെ കുഞ്ഞുങ്ങളുടെ സ്വപ്‌നങ്ങളില്‍ നിന്നുപോലും ആ കയ്പ്പ് ഇറങ്ങിപ്പോകില്ലെന്നുള്ളതാണ് വസ്തുത.
ചെന്നിനായകം എന്ന് പലരും കേട്ടിട്ടും കണ്ടിട്ടുമുണ്ടെങ്കിലും അതെന്താണ്, എവിടെനിന്നു വരുന്നു എന്ന് പലര്‍ക്കും ഇന്നും അറിയില്ല. മുലകുടി നിര്‍ത്താന്‍ പുരട്ടുക എന്ന അപൂര്‍വാവശ്യത്തിന് അത് അങ്ങാടിക്കടകളില്‍ ചെന്ന് വാങ്ങിക്കൊണ്ടുവരും, പുരട്ടും, മറക്കും. അത്രതന്നെ. എന്നാല്‍, ജീവിതത്തില്‍ ഒരിക്കലെങ്കിലും മലയാളികളില്‍ ഒട്ടുമിക്കവരും രുചിച്ചിട്ടുള്ള ചെന്നിനായകം എന്ന ഈ വസ്തുവിന് പിന്നില്‍ രസകരമായ കുറേ കാര്യങ്ങളുണ്ട്.
കറ്റാര്‍വാഴ എന്ന ചെടിയുടെ ഇലയ്ക്കുള്ളിലെ ജെല്‍ പോലുള്ള ഭാഗത്തുനിന്ന് പുറപ്പെടുന്ന നീര് തിളപ്പിച്ച് കുറുക്കി ജലാംശം വറ്റിച്ച് എടുക്കുന്നതാണ് ചെന്നിനായകം. ഇരുണ്ട നിറത്തില്‍, നല്ല കട്ടിക്കിരിക്കുന്ന ഇതിന് നേരിയ ഒരു തിളക്കവും കാണും. ഈ വസ്തു നമ്മുടെ നാട്ടില്‍ വിരശല്യത്തിനും സുഖവിരേചനത്തിനും ആര്‍ത്തവ സംബന്ധിയായ പല അസുഖങ്ങള്‍ക്കുമുള്ള നാട്ടുമരുന്നായി പ്രയോജനപ്പെടുത്തിവരാറുണ്ട്.
ആയുര്‍വേദത്തിലെ പല ചൂര്‍ണങ്ങളിലും ലേപനങ്ങളിലും ഒരു കൂട്ടായി ചെന്നിനായകം ഉണ്ട്. ഹോമിയോപ്പതിയിലെ ചില മരുന്നുകളിലും അലോവേര ഉപയോഗിക്കുന്നുണ്ട്. പ്രാഥമിക രൂപമായ കറ്റാര്‍വാഴ ജെല്‍ രൂപത്തിലുള്ള വസ്തു മുഖസൗന്ദര്യം വര്‍ധിപ്പിക്കാനുള്ള പല ഉല്‍പന്നങ്ങളുടെയും ഭാഗവുമാണ്. അലോ ജെല്‍ മുറിവ്, പൊള്ളല്‍, ഫ്രോസ്റ്റ് ബൈറ്റ്, ചൊറി, മുഖക്കുരു, സോറിയാസിസ്, ഡ്രൈ സ്‌കിന്‍ തുടങ്ങി പലതിനുമുള്ള ആധുനിക വൈദ്യശാസ്ത്ര ലേപനങ്ങളുടെയും കൂട്ടാണ്. കറ്റാര്‍വാഴ നീര് ആര്‍ത്രൈറ്റിസ്, ഡയബറ്റിസ്, അമിതമായ കൊളസ്ട്രോള്‍, കുഴിനഖം എന്നിവയ്ക്ക് മരുന്നായി ഉപയോഗിച്ച് കാണാറുണ്ട്.
ഇത് നല്ലൊരു ആന്റി ഓക്‌സിഡന്റാണ്. പൂപ്പല്‍, ബാക്ടീരിയ എന്നിവയെ ചെറുക്കുന്നതോടൊപ്പം ഇത് രോഗപ്രതിരോധ ശക്തിയും വര്‍ധിപ്പിക്കുന്നു. കുറഞ്ഞ ഡോസില്‍ ഈ ജെല്‍ ചിലയിനം യോഗര്‍ട്ട്, ബിവറേജ് ഡ്രിങ്ക്, ഡെസേര്‍ട്ടുകള്‍ എന്നിവയിലും ചേര്‍ക്കാറുണ്ട്. അസ്‌ഫോഡെലേഷ്യേ എന്ന കുടുംബത്തില്‍പെട്ട, കള്ളിച്ചെടി പോലെ തോന്നിക്കുന്ന കറ്റാര്‍വാഴയുടെ പേരില്‍ 'വാഴ' എന്നുണ്ടെങ്കിലും അതിന് വാഴയുമായി കാര്യമായ ബന്ധമൊന്നും ഇല്ല. ഇലകളില്‍ സദാ ജലാംശം നിറഞ്ഞുനില്‍ക്കുന്ന പ്രകൃതമാണ് ഈ ചെടിക്കുള്ളത്.
Post a Comment