ഡയബറ്റിക് ന്യൂറോപതി എന്നാല്‍ എന്താണെന്ന് പലര്‍ക്കും അറിവില്ല. പ്രമേഹം മൂലം ഞരമ്പുകള്‍ക്ക് ഉണ്ടാകുന്ന തകരാറുകളെ മൊത്തത്തില്‍ ഡയബറ്റിക് ന്യൂറോപതി എന്ന് പറയുന്നു. സാധാരണയായി പ്രമേഹം വന്ന് പത്തോ ഇരുപതോ വര്‍ഷം കഴിയുമ്പോള്‍ ആണ് ഡയബറ്റിക് ന്യൂറോപ്പതിയുടെ കോംപ്ലിക്കേഷന്‍സ് കണ്ടുതുടങ്ങുന്നത്. എന്നാല്‍, പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്, പ്രമേഹത്തേക്കാള്‍ മുമ്പുതന്നെ ഡയബറ്റിക് ന്യൂറോപതിയുടെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നുവെന്നാണ്.
ഇതില്‍ പോളി ന്യൂറോപതിയാണ് ഏറ്റവും കോമണ്‍ ആയി കണ്ടുവരുന്ന ഡയബറ്റിക് ന്യൂറോപതി. മനുഷ്യശരീരത്തിലെ ഏറ്റവും നീളമുള്ള ഞരമ്പുകളെയാണ് ഇത് തുടക്കത്തിലെ ബാധിക്കുക. കാലുകളില്‍നിന്നാണ് ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. കാല്‍ പുകച്ചില്‍, മരവിപ്പ്, വേദന, സ്പര്‍ശനം നഷ്ടപ്പെടുന്ന അവസ്ഥ ഇവയിലൂടെയാണ് പ്രമേഹം ഞരമ്പുകളെ ബാധിച്ചതായി മനസ്സിലാക്കാന്‍ ആകുന്നത്. സ്പര്‍ശനശേഷി കുറയുന്നതുമൂലം കാലുകളില്‍ ഉണ്ടാകുന്ന ചെറിയ മുറിവുകള്‍ തിരിച്ചറിയാന്‍ കഴിയാതെപോകുന്നു. പെട്ടെന്ന് പ്രോഗ്രസ് ചെയ്യുന്ന ഒരു രോഗമല്ല ഡയബറ്റിക് ന്യൂറോപതി. കാലപ്പഴക്കംകൊണ്ട് രൂപപ്പെടുന്ന ഒന്നാണിത്. അതുകൊണ്ട് ഇതിനെ ഭയപ്പെടേണ്ടതില്ല.
പ്രമേഹം ഉണ്ടെന്നറിഞ്ഞാല്‍, കാലുകളില്‍ കാണുന്ന ലക്ഷണങ്ങള്‍ ഒന്നും അവഗണിക്കരുത്. പ്രമേഹം എപ്പോഴും നിയന്ത്രണവിധേയമാക്കി വയ്ക്കുക. പ്രമേഹം കൂടുമ്പോഴാണ് കാലുകളിലേക്കുള്ള രക്തയോട്ടം നിലയ്ക്കുകയോ കുറയുകയോ ചെയ്യുന്നത്. ഇപ്പോള്‍ ഡയബറ്റിക് ന്യൂറോപതിക്കുള്ള മരുന്നുകള്‍ വളരെ കുറവാണ്. ഇതിന്റെ ലക്ഷണങ്ങള്‍ കണ്ടാല്‍ അതിനുവേണ്ട ട്രീറ്റ്‌മെന്റുകള്‍ ചെയ്യാമെന്നതു മാത്രമാണ് സാധ്യമായിട്ടുള്ള കാര്യം. പ്രമേഹം പെട്ടെന്നു കണ്ടുപിടിക്കുകയാണെങ്കില്‍ അതിന്റെ ലക്ഷണങ്ങള്‍ക്കുവേണ്ട ട്രീറ്റ്‌മെന്റുകള്‍ ചെയ്ത് ഡയബറ്റിക് ന്യൂറോപതിയില്‍നിന്ന് പൂര്‍ണമായി റിക്കവര്‍ ചെയ്യാം.
പ്രമേഹമുള്ളവര്‍ ദിവസവും വ്യായാമം ചെയ്യണം. കുറഞ്ഞത് 5-6 കിലോമീറ്റര്‍ നടക്കണം. അപ്പോള്‍ കാലുകളിലെ ഞരമ്പുകള്‍ക്ക് മതിയായ വ്യായാമം കിട്ടുകയും ആവശ്യത്തിന് രക്തയോട്ടം കാലുകളിലേക്ക് ഉണ്ടാവുകയും ചെയ്യും. നടക്കുമ്പോള്‍ കൈകള്‍ വീശിനടക്കുക. കാലിലേക്കുള്ള ഞരമ്പുകള്‍ കഴിഞ്ഞാല്‍ പിന്നെ കൈകളിലേക്കുള്ളവയാണ് കൂടുതല്‍ നീളമുള്ളവ. കൈകളിലേക്കുള്ള രക്തയോട്ടം സുഗമമാവാന്‍ കൈവീശിയുള്ള നടത്തം ഏറെ ഉപകരിക്കും.
Post a Comment