സംസ്ഥാന സര്‍ക്കാരിന്റെ സാമൂഹികക്ഷേമ വകുപ്പ് കൈകാര്യം ചെയ്തിരുന്ന ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്റെ നടത്തിപ്പ് 1993ലെ ഭരണഘടന ഭേദഗതിയിലുടെ, അധികാര വികേന്ദ്രീകരണത്തിന്റെ ഭാഗമായി 13.12.1995 ലെ ജി.ഒ.(പി) 47/95 നമ്പര്‍ ഉത്തരവിലൂടെ പുറപ്പെടുവിച്ച പുതുക്കിയ ചട്ടങ്ങള്‍ അനുസരിച്ച് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് കൈമാറ്റം ചെയ്തു. ഗ്രാമപ്പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോര്‍പ്പറേഷനുകളുമാണ് ഇപ്പോള്‍ ഈ പെന്‍ഷന്റെ അപേക്ഷ സ്വീകരിക്കലും അനുവദിക്കലും പെന്‍ഷന്‍വിതരണവും നടത്തുന്നത്.
സംസ്ഥാനത്ത് നിലവില്‍ ഉണ്ടായിരുന്ന അഗതി പെന്‍ഷന്റെ ഇനങ്ങളില്‍ ഉള്‍പ്പെട്ട 3 തരം പെന്‍ഷനുകളില്‍ ഒരെണ്ണം ആയിരുന്നു വാര്‍ധക്യകാല പെന്‍ഷന്‍. വിധവ പെന്‍ഷനും വികലാംഗ പെന്‍ഷനുമായിരുന്നു മറ്റ് രണ്ടെണ്ണം. 13.12.1995ലെ ഉത്തരവ് പ്രകാരം വാര്‍ധക്യകാല പെന്‍ഷന്‍ ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍ എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. ഈ പെന്‍ഷന് കേന്ദ്രസര്‍ക്കാരിന്റെ ധനസഹായവും ലഭിച്ചുതുടങ്ങി. പെന്‍ഷന്‍ ചട്ടങ്ങളിലെ 8ാം ചട്ടപ്രകാരം ജില്ല കളക്ടറുടെ അംഗീകാരം ഇതിന് ആവശ്യമാണ്. 20 വയസ്സ് കഴിഞ്ഞ പുത്രനുണ്ടെങ്കില്‍ കുടുംബത്തെ സംരക്ഷിക്കുന്നില്ലെന്ന് തദ്ദേശഭരണ സ്ഥാപനത്തിനു ബോധ്യമാണെങ്കില്‍ പെന്‍ഷന് അര്‍ഹതയുണ്ട്.
നടപടിക്രമങ്ങള്‍:-
നിശ്ചിത അപേക്ഷ ഫോറത്തില്‍ തയ്യാറാക്കിയ അപേക്ഷ, അപേക്ഷകന്‍ താമസിക്കുന്ന ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ സെക്രട്ടറിക്കാണ് സമര്‍പ്പിക്കേണ്ടത്. സര്‍ക്കാര്‍ കാലാകാലങ്ങളില്‍ നിശ്ചയിക്കുന്ന പെന്‍ഷന്‍തുക തദ്ദേശഭരണ സ്ഥാപനം നല്‍കും. നേരിട്ടോ, അപേക്ഷകന്റെ ബാങ്ക് അക്കൗണ്ട് വഴിയോ നല്‍കാം. ഇത് പെന്‍ഷന്‍ ഗുണഭോക്താവ് ആണ് തീരുമാനിക്കേണ്ടത്.
അപേക്ഷ ലഭിച്ച് 45 ദിവസത്തിനകം പെന്‍ഷന്‍ അപേക്ഷ തീര്‍പ്പ് കല്‍പിക്കേണ്ടതാണ്. പെന്‍ഷന്‍ അപേക്ഷയിന്മേല്‍ തദ്ദേശഭരണ സ്ഥാപനത്തിന്റെ നിരസിക്കല്‍ അറിയിപ്പ് ലഭിച്ച് 30 ദിവസത്തിനുള്ളില്‍ ജില്ല കളക്ടര്‍ക്ക് അപ്പീല്‍ സമര്‍പ്പിക്കാവുന്നതാണ്. സര്‍ക്കാരിന്, റിവിഷന്‍ അപേക്ഷയിന്മേല്‍ അര്‍ഹനാണെന്നു കണ്ടാല്‍ പെന്‍ഷന്‍ അനുവദിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിച്ച മാസത്തിന് അടുത്തമാസം ഒന്നാം തീയതി മുതല്‍ പെന്‍ഷന് അര്‍ഹതയുണ്ടായിരിക്കുന്നതാണ്.
Post a Comment