പനങ്കുരു കളയല്ലേ; വിറ്റാല്‍ നല്ല വില കിട്ടും

പനങ്കുരു കളയല്ലേ; വിറ്റാല്‍ നല്ല വില കിട്ടും

 

പനയും തെങ്ങും കവുങ്ങുമെല്ലാം ഒരേ വംശത്തില്‍പ്പെട്ടവ തന്നെ. തെങ്ങിന്റെയും കവുങ്ങിന്റെയും ഉപയോഗം പറഞ്ഞറിയിക്കാതെതന്നെ നമുക്കറിയാം. പനയുടെ ഉപയോഗവും അങ്ങനെതന്നെ പനയുടെ ഇല(ഓല) വീടുമേയാന്‍ പണ്ടുകാലത്തുള്ളവര്‍ ഉപയോഗിച്ചിരുന്നു. മൂത്ത പനയുടെ അലക് ഗൃഹനിര്‍മാണത്തിനും തൂമ്പ, കോടാലി തുടങ്ങിയ കാര്‍ഷികോപകരണങ്ങളുടെ കൈപിടിയായും ഉപയോഗിച്ചിരുന്നു. പനചെത്തി കള്ളെടുത്താല്‍ ചെറിയ ലഹരിയുള്ള മദ്യം, വിനാഗിരി തുടങ്ങിയവയ്ക്കും സൂപ്പര്‍. കള്ളുചേര്‍ത്ത് അപ്പവും വിവിധ പലഹാരങ്ങളുണ്ടാക്കാം. 

കലയിലും സാഹിത്യത്തിലും പന ശിരസുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നുണ്ട്. സുന്ദരിമാരുടെ നീണ്ട കേശം പനങ്കുലയോടാണ് കവികള്‍ ഉപമിച്ചിരുന്നത്. മുടിവളരാന്‍ പനങ്കുല ചേര്‍ത്ത ഔഷധക്കൂട്ടുകള്‍ പലതുണ്ട്. 'കരിമ്പനയുടെ കൂമ്പ് വാട്ടിപ്പിഴിഞ്ഞ നീരും സമം ആട്ടിന്‍പാലും ചേര്‍ത്ത് വാള് തുകയ്ക്കണം. ആ വാളിനു വെട്ടിയാല്‍ ആനയുടെ തുമ്പിയുംകൂടി അറ്റുപോകും'.  ഓര്‍മിക്കുന്നില്ലേ, ആരോമല്‍ ചേകവര്‍ക്ക് വാള് കടയിക്കാന്‍ ചന്തു യാത്രയാകുന്ന ഒരു വടക്കന്‍ വീരഗാഥയിലെ രംഗം. പാലക്കാടും പനമ്പട്ടകളില്‍ കാറ്റുപിടിക്കുന്ന മര്‍മരവും വിജയന്റെ കഥകളില്‍ ആവോളം നിറഞ്ഞുനില്‍ക്കുന്നു.  

ഇത്രകാലവും ആവശ്യക്കാരില്ലാതിരുന്ന പനങ്കുലയിലെ കുരുവിനും ഡിമാന്റായി. കള്ളിനായി പനചെത്ത് കുറഞ്ഞതോടെ പനങ്കുരുവിനും ആവശ്യക്കാരായി. പഴുത്ത പനങ്കുല വെട്ടി വലിയ കയറില്‍ തൂക്കിയിറക്കി വ്യാപാര കേന്ദ്രത്തിലെത്തിച്ചാല്‍ കിലോഗ്രാമിന് 12 രൂപ വരെ ലഭിക്കും. പനങ്കുരു ചീയിച്ച് തൊലികളഞ്ഞ് ഉണക്കിയാല്‍ 40 മുതല്‍ 50 രൂപ വരെയും വില ലഭിക്കും. പഴുത്ത പനങ്കുരു ഒരാഴ്ചയോളം കൂട്ടിയിട്ടാല്‍ അത് ചീയും. ഇതിനു മുകളിലൂടെ ജീപ്പ് കയറ്റിയിറക്കിയാണ് തൊലി കളയുന്നത്. പിന്നീട് ഏതാനും ദിവസം വെയിലത്തിട്ടാല്‍ വില്‍പനയ്ക്ക് റെഡി. 

പനയില്‍ കയറി കുല വെട്ടിയിറക്കുന്നതും വ്യാപാര കേന്ദ്രത്തിലെത്തിക്കുന്നതും അല്‍പം ക്ലേശമുള്ള പണിയാണ്. ഇതിന്റെ വെള്ളം ദേഹത്ത് പറ്റിയാല്‍ പൊള്ളും ചെറിച്ചിലുണ്ടാകും. ഒരു ശരാശരി കുല 150-200 കിലോ വരെ തൂക്കം വരും. 

Post a Comment

Before post Ad



 

Facebook

whatsapp group join banner