കേരളീയര്‍ക്ക് ഏറെ പരിചിതമായ മത്സ്യമാണ് ചാള അഥവാ മത്തി. ക്ലൂപ്പിഡേ മത്സ്യ കുടുംബത്തില്‍പ്പെട്ട മത്തി തെക്കന്‍ കേരളത്തിലാണ് ചാള എന്നറിയപ്പെടുന്നത്. 10 മുതല്‍ 20 മീറ്റര്‍ വരെ ആഴമുള്ള തീരക്കടലിലാണ് മത്തി കൂടുതലായും കണ്ടുവരുന്നത്. ഒട്ടേറെ ആരോഗ്യഗുണങ്ങളുള്ള മത്തി പ്രോട്ടീനിന്റെ കലവറയാണ്. ഉരുണ്ടുനീണ്ട ശരീരപ്രകൃതമാണ് മത്തിക്ക്. മുതുകില്‍ പച്ചകൂടിയ ഇരുണ്ട നിറവും ഇരുവശത്തും തിളക്കമാര്‍ന്ന വെള്ളനിറവും ചെതുമ്പലുമുള്ള മീനാണ് മത്തി. ചിറകുകള്‍ പൊതുവേ സുതാര്യമാണ്. സസ്യപ്ലവകങ്ങളില്‍നിന്നാണ് മത്തി ആഹാരം കണ്ടെത്തുന്നത്. ചെമ്മീനുകളുടെ ലാര്‍വകള്‍, മത്സ്യ മുട്ടകള്‍, വിവിധ തരം ആല്‍ഗകള്‍, ജീര്‍ണിച്ച സസ്യാവശിഷ്ടങ്ങള്‍ എന്നിവയൊക്കെ മത്തി ആഹാരമാക്കുന്നു.
കാലവര്‍ഷമായാല്‍ മത്തി പറ്റംപറ്റമായി ഉള്‍ക്കടലില്‍നിന്ന് തീരക്കടലിലേക്കു വരും. ജൂണ്‍- ജൂലൈ മാസങ്ങളാണ് മത്തിയുടെ പ്രജനന കാലം. ഒരു മത്തി അതിന്റെ ജീവിതകാലത്ത് ഒരു തവണയേ മുട്ടയിടൂ. എന്നാല്‍, അതൊരൊന്നൊന്നര മുട്ടയിടലാണ്. അരലക്ഷത്തോളം മുട്ട ഒന്നിച്ചങ്ങിടും. മുട്ടയിടുന്ന കാലത്ത് മത്തിയെ പിടിച്ചാല്‍, മെല്ലെമെല്ലെ മത്തിക്ക് വംശനാശം ഉണ്ടാകും.
മാംസത്തില്‍ എണ്ണയുടെ അളവ് കൂടുതയായതിനാല്‍ മത്തി പെട്ടെന്നു കേടാകും. മത്തിയില്‍നിന്നാണ് പ്രധാനമായും മീനെണ്ണ ഉല്‍പാദിപ്പിക്കുന്നത്. വള്ളങ്ങള്‍ കേടുവരാതെ സൂക്ഷിക്കാനും ഫുഡ് സപ്ലിമെന്ററി, ലിപ്സ്റ്റിക്ക്, നെയില്‍ പോളിഷ്, പെയിന്റ്, ചില ആഭരണങ്ങള്‍ എന്നിവയുടെ നിര്‍മാണത്തിനും ഈ മീനെണ്ണ ഉപയോഗിച്ചുവരുന്നു.
Post a Comment