അമേരിക്കയിലെ പ്രധാനപ്പെട്ട എഐ, എഡ്ജ് കംപ്യൂട്ടിങ് കമ്പനികളിലൊന്നായ അര്‍മാഡ അവരുടെ ഇന്ത്യയിലെ ആദ്യ ഓഫിസ് കേരളത്തില്‍ ആരംഭിച്ചു. തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലാണ് അര്‍മാഡയുടെ ആര്‍&ഡി ഓപറേഷന്‍സ് ആരംഭിച്ചതെന്ന് വ്യവസായമന്ത്രി പി രാജീവ് ഫേസ്ബുക്കില്‍ അറിയിച്ചു.
വ്യവസായമന്ത്രി പി രാജീവിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
ഇന്ത്യയിലെ നിരവധിയിടങ്ങളില്‍ കമ്പനി ആരംഭിക്കുന്നതിനായുള്ള സ്ഥലം അന്വേഷിച്ചതിന് ശേഷമാണ് കേരളത്തെ തെരഞ്ഞെടുത്തത് എന്നത് അഭിമാനകരമായ വസ്തുതയാണ്. മികച്ച ടാലന്റുകളുടെ ലഭ്യതയാണ് കേരളം തെരഞ്ഞെടുക്കുന്നതിന് കാരണമായതെന്ന് കമ്പനിയുടെ സ്ഥാപക സിടിഒ പ്രദീപ് നായര്‍ അഭിപ്രായപ്പെട്ടു. ഒപ്പം കേരളത്തിലേക്ക് ഇപ്പോള്‍ റിവേഴ്‌സ് മൈഗ്രേഷന്‍ പ്രതിഭാസം നടന്നുകൊണ്ടിരിക്കുകയാണെന്നും നിരവധി പേര്‍ ഇതിനോടകം തന്നെ ഈ തരത്തില്‍ ജോലിക്കായി അപേക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം ഉദ്ഘാടന വേളയില്‍ പറയുകയുണ്ടായി.
മൈക്രോസോഫ്റ്റ് വെഞ്ച്വര്‍ ഫണ്ടിങ്ങില്‍ നിന്ന് 40 മില്യണ്‍ ഡോളറിന്റെ സഹായം ഈയടുത്ത് അര്‍മാഡ നേടിയിരുന്നു. ഇതിനൊപ്പം തന്നെ സ്റ്റാര്‍ലിങ്ക് ഉള്‍പ്പെടെയുള്ള വലിയ കമ്പനികളുമായും സഹകരിക്കുന്ന കമ്പനിയാണ് അര്‍മാഡ. ഇത്തരമൊരു കമ്പനിയുടെ കേരളത്തിലേക്കുള്ള കടന്നുവരവ് നാലാം വ്യവസായ വിപ്ലവ മേഖലയില്‍ കേരളം രാജ്യത്തിന്റെ സുപ്രധാന ശക്തിയായി വളര്‍ന്നുകൊണ്ടിരിക്കുന്നു എന്നതിന്റെ ഉദാഹരണം കൂടിയാണ്.
Post a Comment