അമീബിക് മസ്തിഷ്‌ക ജ്വരം വരാതിരിക്കാന്‍ ഇവ ചെയ്യുക

അമീബിക് മസ്തിഷ്‌ക ജ്വരം വരാതിരിക്കാന്‍ ഇവ ചെയ്യുക

 

പായലുള്ളതോ മൃഗങ്ങളെ കുളിപ്പിക്കുന്നതോ ആയ കുളങ്ങളിലെ വെള്ളം ഉപയോഗിക്കുന്നവര്‍ മുന്‍കരുതലുകളെടുക്കണം. മലിനജലത്തില്‍ കുളിക്കുകയോ മുഖം കഴുകുകയോ ചെയ്യരുത്. ഇത്തരം കുളങ്ങളില്‍ കുളിക്കുന്നവര്‍ക്ക് തീവ്രമായ തലവേദന, പനി, ഓക്കാനം, ഛര്‍ദി, കഴുത്ത് തിരിക്കാന്‍ ബുദ്ധിമുട്ട് തുടങ്ങിയ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ചികിത്സ തേടണം. വേനല്‍ക്കാലത്ത് വെള്ളത്തിന്റെ അളവ് കുറയുന്നതോടെയാണ് അമീബ വര്‍ധിക്കുകയും കൂടുതലായി കാണുകയും ചെയ്യുന്നത്. വെള്ളത്തിലിറങ്ങുമ്പോള്‍ അടിത്തട്ടിലെ ചേറിലുള്ള അമീബ വെള്ളത്തില്‍ കലങ്ങുകയും മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുകയും ചെയ്യുന്നു. രോഗാണുബാധ ഉണ്ടായി ഒന്നുമുതല്‍ ഒമ്പത് ദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങള്‍ ഉണ്ടാവുന്നത്. 

കെട്ടിക്കിടക്കുന്നതോ ഒഴുകുന്നതോ ആയ ജലസ്രോതസുകളുമായി ബന്ധപ്പെടുന്ന ആള്‍ക്കാരില്‍ വളരെ അപൂര്‍വമായി കാണുന്ന രോഗമാണ് അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസ്. രോഗത്തെ പ്രതിരോധിക്കാനായി ഇനിപ്പറയുന്ന കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കണം. ചെവിയില്‍ പഴുപ്പുള്ളവര്‍ കുളത്തിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലും മറ്റും കുളിക്കാന്‍ പാടില്ല. കെട്ടിക്കിടക്കുന്ന വെള്ളത്തില്‍ കുളിക്കുന്നതും വെള്ളത്തില്‍ ഡൈവ് ചെയ്യുന്നതും ഒഴിവാക്കണം. മൂക്കിലേക്ക് വെള്ളം ഒഴിക്കുകയോ വലിച്ചു കയറ്റുകയോ ചെയ്യരുത്. മൂക്കില്‍ വെള്ളം കയറാതിരിക്കാന്‍ നേസല്‍ ക്ലിപ്പ് ഉപയോഗിക്കുക. 

തിരുവനന്തപുരത്ത് രോഗബാധിതരെല്ലാം പായല്‍പിടിച്ചു കിടന്ന ജലാശയങ്ങളിലെ വെള്ളവുമായി പലതരത്തില്‍ സമ്പര്‍ക്കമുള്ള ആള്‍ക്കാരായിരുന്നുവെന്ന് റിപോര്‍ട്ടുകളുണ്ട്. വാട്ടര്‍ തീം പാര്‍ക്കുകളിലേയും സ്വിമ്മിങ് പൂളുകളിലേയും വെള്ളം കൃത്യമായി ക്ലോറിനേറ്റ് ചെയ്ത് ശുദ്ധമാണെന്ന് ഉറപ്പാക്കണം. അമീബിക്ക് മെനിഞ്ചോ എന്‍സെഫലൈറ്റിസുമായി ബന്ധപ്പെട്ടുള്ള പ്രതിരോധം, രോഗനിര്‍ണയം, ചികിത്സ എന്നിവ സംബന്ധിച്ച സാങ്കേതിക മാര്‍ഗരേഖ രാജ്യത്തുതന്നെ ആദ്യമായി അടുത്തിടെ പുറത്തിറക്കിയിട്ടുണ്ട്. ഈ മാര്‍ഗരേഖ അനുസരിച്ചായിരിക്കും ഇനി ചികിത്സ.

Post a Comment

Before post Ad



 

Facebook

whatsapp group join banner