കോവിഡ്, പ്രളയം തുടങ്ങിയ പ്രതിസന്ധികള്‍ക്കിടയിലും കേരളത്തില്‍ നിര്‍മാണ മേഖല വളര്‍ച്ചയിലെന്ന് കണക്കുകള്‍. കേരളം ഒറ്റ നഗരമായി വളരുന്നുവെന്ന അഭിപ്രായങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്നതാണ് സംസ്ഥാനത്തെ നിര്‍മാണ മേഖലയിലെ കുതിപ്പ്. എക്കണോമിക് ആന്റ് സ്റ്റാറ്റിസ്റ്റിക് ഡിപാര്‍ട്ട്മെന്റ് പുറത്തുവിട്ട നിര്‍മാണ വിവരങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട്, ഗ്രാമങ്ങള്‍ മാറുകയാണ് എന്ന് വ്യക്തമാക്കുന്നു. 2021- 22 വര്‍ഷത്തില്‍ 3.95 ലക്ഷം പുതിയ കെട്ടിടങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ഒരു ചതുരശ്ര കിലോമീറ്ററിന് 14 എന്ന നിരക്കിലാണ് പുതിയ നിര്‍മിതികള്‍. ഈ വര്‍ഷം നിര്‍മിതികളുടെ എണ്ണം മുന്‍വര്‍ഷത്തേക്കാള്‍ 11.22 ശതമായി വര്‍ധിച്ചു.
2021-22 വര്‍ഷത്തെ റിപ്പോര്‍ട്ട് പരമാര്‍ശിക്കുന്ന 73.58 ശതമാനം വരുന്ന 2.90 ലക്ഷം കെട്ടിടങ്ങളും വീടുകളോ, താമസ സൗകര്യങ്ങള്‍ക്കായുള്ളതോ ആയ റസിഡന്‍ഷ്യല്‍ കെട്ടിടങ്ങളാണ്. നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ 70.96 ശതമാനവും നടക്കുന്നത് ഗ്രാമീണമേഖലയിലാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 29.04 ശതമാനം മാത്രമാണ് നഗരങ്ങളിലുള്ളത്.
വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങള്‍ക്കൊപ്പം നഗര കേന്ദ്രീകൃത വ്യവസായ വളര്‍ച്ചയിലും മാറ്റംവരുന്നുവെന്ന സൂചനയും ലഭിക്കുന്നു. എന്നാല്‍, ഇവയില്‍ വ്യവസായ മേഖലയെക്കാള്‍ വാണിജ്യ മേഖലയാണ് മുന്നിട്ടുനില്‍കുന്നത്.
പുതിയതായി നിര്‍മിച്ച 53,774 കെട്ടിടങ്ങളുമായി മലപ്പുറം ജില്ലയാണ് നിര്‍മാണത്തില്‍ മുന്നില്‍. ഇടുക്കിയിലാണ് നിര്‍മാണത്തില്‍ ഏറ്റവും കുറവ് രേഖപ്പെടുത്തിയത്. 8751 കെട്ടിടങ്ങളാണ് ഈ കാലയളവില്‍ ഇടുക്കിയില്‍ നിര്‍മിച്ചത്. ജനസംഖ്യാ വര്‍ധനവ്, നഗരവല്‍ക്കരണം, വിദേശ പണത്തില്‍നിന്നുള്ള സാമ്പത്തിക വികസനം എന്നിവയാണ് പുതിയ നിര്‍മിതികള്‍ക്ക് ഉപോല്‍ബലകമായി ചൂണ്ടക്കാണിക്കപ്പെടുന്നത്.
Post a Comment