പണത്തിന്റെ വിനിമയം, നിക്ഷേപം, വീടിനോടുള്ള സമീപനം തുടങ്ങി ദൈനംദിന കാര്യങ്ങളിലൊക്കെ സ്വിറ്റ്‌സര്‍ലന്‍ഡിനെ മാതൃകയാക്കണമെന്നു പറഞ്ഞുകേള്‍ക്കാറുണ്ട്. ലോകത്തെ ഏറ്റവും മനോഹരമായ ഭൂപ്രദേശമുള്ള നാടുകളിലൊന്നാണെന്നും നമുക്കറിയാം. അടുത്തകാലംവരെ ലോകത്താകെ കൂടുതലായി പ്രചരിച്ചിരുന്നത് സ്വിസ് വാച്ചുകളായിരുന്നു. ഇതിനെല്ലാം പുറമേ ശ്രദ്ധേയമായ കാര്യം അനേകം കോടീശ്വരന്മാരുള്ള ഒരു പ്രധാന ആഗോള സാമ്പത്തികകേന്ദ്രം കൂടിയാണ് ഈ രാജ്യം. സ്വിറ്റ്‌സര്‍ലന്‍ഡിലെ മുതിര്‍ന്ന ഏഴില്‍ ഒരാള്‍ കോടീശ്വരനാണ്.
സ്വിറ്റ്‌സര്‍ലന്‍ഡിലുള്ളവര്‍ വീടിന്റെ ഉടമസ്ഥതയേക്കാള്‍ നിക്ഷേപത്തിന് മുന്‍ഗണന നല്‍കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വിറ്റ്‌സര്‍ലന്‍ഡില്‍ പ്രായപൂര്‍ത്തിയായവരില്‍ 41 ശതമാനം പേര്‍ക്കേ സ്വന്തമായി വീടുകള്‍ ഉള്ളൂ. പല സ്വിസ് കോടീശ്വരന്‍മാരും വാടകവീടുകളിലാണ് താമസിക്കുന്നതെന്നു സാരം. ഇവര്‍ വീടുകള്‍ക്കായി വലിയ തുക ചെലവഴിക്കുന്നില്ല. മറിച്ച് ഈ തുക ഉയര്‍ന്ന വരുമാനമുള്ള നിക്ഷേപങ്ങളില്‍ ഇടുന്നു. ഇത് അവരുടെ സമ്പത്ത് വേഗത്തില്‍ വളരാന്‍ സഹായിക്കുന്നു. അച്ചടക്കമുള്ള സമ്പാദ്യരീതി പിന്തുടരുന്നവരാണ് സ്വിസ് കുടുംബങ്ങള്‍. ചെലവുകള്‍ക്കുശേഷം ബാക്കിയുള്ള തുക നിക്ഷേപിക്കുന്നതിനു പകരം ഇവര്‍ വരുമാനത്തിന്റെ 20- 30 ശതമാനം നിക്ഷേപിച്ചശേഷം ബാക്കി തുക ചെലവുകള്‍ക്കായി ഉപയോഗിക്കുന്നു.
മള്‍ട്ടി ബാങ്ക് സമീപനം വഴിയാണ് സ്വിസ് കോടീശ്വരന്മാര്‍ അവരുടെ പണം കൈകാര്യം ചെയ്യുന്നത്. മറ്റു രാജ്യങ്ങളിലെ ജനങ്ങള്‍ എളുപ്പത്തിനായി ഏതെങ്കിലും ഒരു ധനകാര്യ സ്ഥാപനത്തെ സമീപിക്കുന്നു. അല്ലെങ്കില്‍ ഉയര്‍ന്ന പലിശ നല്‍കുന്ന സ്ഥാപനത്തെ പരിഗണിക്കുന്നു. എന്നാല്‍, സ്വിസ് ജനത അങ്ങനെയല്ല. അവര്‍ ഏറിയകൂറും ദൈനംദിന ഇടപാടുകള്‍ക്കായി പ്രാദേശിക ബാങ്കുകളും, വ്യക്തിഗത സമ്പത്ത് മാനേജ്മെന്റിനായി സ്വകാര്യ ബാങ്കുകളും, വിദേശ വിനിമയത്തിനും ആഗോള നിക്ഷേപത്തിനും അന്താരാഷ്ട്ര ബാങ്കുകളും ഉപയോഗിക്കുന്നു.
Post a Comment