മഹാരാഷ്ട്രയില്‍ 20,000 കോടി രൂപ മുതല്‍മുടക്കില്‍ പുതിയ നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുമെന്ന് പ്രമുഖ ജപ്പാന്‍ കാര്‍ നിര്‍മാതാക്കളായ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ അറിയിച്ചു. ഛത്രപതി സംഭാജി നഗറിലാണ് ഗ്രീന്‍ഫീല്‍ഡ് നിര്‍മാണ പ്ലാന്റ് സ്ഥാപിക്കുക. ഇലക്ട്രിക്, ഹൈബ്രിഡ് കാറുകള്‍ ഇവിടെ നിര്‍മിക്കും. 20,000 കോടി രൂപ നിക്ഷേപിക്കാനാണ് കമ്പനി പദ്ധതിയിട്ടിരിക്കുന്നത്. ഇതിനായി സംസ്ഥാന സര്‍ക്കാരിന്റെ വ്യവസായ വകുപ്പും ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറും തമ്മില്‍ ധാരണാപത്രം ഒപ്പുവച്ചു.
ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോറിന്റെ ആസ്ഥാനം കര്‍ണാടകയിലാണ്. ഇതിനായി ബെംഗളൂരുവിനടുത്തുള്ള ബിദാദിയില്‍ രണ്ട് പ്ലാന്റുകളുണ്ട്. ഈ പ്ലാന്റുകളില്‍ കമ്പനി ടൊയോട്ട ഫോര്‍ച്യൂണര്‍, ഇന്നോവ ക്രിസ്റ്റ, ഹൈറൈഡര്‍ തുടങ്ങിയ കാറുകളുടെ മോഡലുകള്‍ നിര്‍മിക്കുന്നു. കര്‍ണാടകയില്‍ മാത്രം ടൊയോട്ട, അസോസിയേറ്റ് കമ്പനികള്‍ ഉള്‍പ്പെടെ 16,000 കോടിയിലധികം രൂപ നിക്ഷേപിക്കുകയും ഏകദേശം 86,000 പേര്‍ക്ക് തൊഴില്‍ നല്‍കുകയും ചെയ്തിട്ടുണ്ട്.
ഛത്രപതി സംഭാജി നഗറിലെ ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ കമ്പനിയുടെ 20,000 കോടി രൂപയുടെ നിക്ഷേപം മഹാരാഷ്ട്രയില്‍ ഓട്ടോമൊബൈല്‍ മേഖലയില്‍ വന്‍ കുതിപ്പിന് നാന്ദി കുറിക്കും. ഈ നിക്ഷേപം 8,000 നേരിട്ടും 12,000 പരോക്ഷ തൊഴിലവസരങ്ങളും സൃഷ്ടിക്കുമെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. അടുത്ത മൂന്നുവര്‍ഷത്തിനുള്ളില്‍ ഇവിടെ വാഹനങ്ങളുടെ ഉല്‍പാദനം ആരംഭിക്കുമെന്നാണ് പ്രതീക്ഷ. വര്‍ഷംതോറും നാലുലക്ഷം കാറുകള്‍ ഉല്‍പ്പാദിപ്പിക്കുക എതാണ് ലക്ഷ്യം.
Post a Comment