ഫോസ്റ്റര്‍ കെയര്‍ എന്നത് കുട്ടികളുടെ കാര്യത്തില്‍ ഒരു താല്‍ക്കാലിക സംരക്ഷണ പദ്ധതിയാണ്. സ്വന്തം വീട്ടില്‍ സുരക്ഷിതമായി താമസിക്കാന്‍ കഴിയാത്ത കുട്ടികളെ, മറ്റൊരു കുടുംബത്തില്‍ അതായത് ഫോസ്റ്റര്‍ പാരന്റ്‌സ് എന്നറിയപ്പെടുന്ന മാതാപിതാക്കളുടെ കീഴില്‍ താല്‍ക്കാലികമായി താമസിപ്പിക്കുകയാണ് ഈ പദ്ധതിയിലൂടെ ചെയ്യുന്നത്. ഇതുവഴി കുട്ടികള്‍ക്ക് ഒരു സുരക്ഷിതവും, സ്ഥിരതയുള്ളതുമായ കുടുംബാന്തരീക്ഷം ലഭിക്കുന്നു. കുട്ടികളുടെ ശാരീരികവും മാനസികവുമായ ആവശ്യങ്ങള്‍ നിറവേറുന്നു. കുട്ടികള്‍ക്ക് സ്‌നേഹത്തിനും, പരിചരണത്തിനും ഒപ്പം അവരുടെ ജീവിതം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.
ഫോസ്റ്റര്‍ പാരന്റ്‌സ് ആകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ചില നിബന്ധനകള്‍ ഉണ്ട്. സാമ്പത്തികമായി സ്വയംപര്യാപ്തരായിരിക്കണം. സുരക്ഷിതവും സ്ഥിരതയുള്ളതുമായ വീട് ഉണ്ടായിരിക്കണം. ഫോസ്റ്റര്‍ പാരന്റ്‌സ്മാര്‍ക്ക് കുട്ടിയെ പരിചരിക്കുന്നതിനുള്ള പരിശീലനം സര്‍ക്കാര്‍തലത്തില്‍ നല്‍കും. ഫോസ്റ്റര്‍ കുടുംബത്തെ സാമൂഹിക പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കുകയും അവര്‍ക്ക് ആവശ്യമായ സഹായം നല്‍കുകയും ചെയ്യും. സ്‌കൂള്‍ അവധിക്കാലത്ത് സ്വന്തം വീടുകളിലേക്ക് മടങ്ങാന്‍ സാഹചര്യമില്ലാത്ത സര്‍ക്കാര്‍ ബാലമന്ദിരങ്ങളിലെ കുട്ടികളെ വളര്‍ത്തുരക്ഷിതാക്കള്‍ക്കൊപ്പം അയക്കുന്ന പദ്ധതിയും നിലവിലുണ്ട്.
കുടുംബത്തിലെ സാമ്പത്തിക അരക്ഷിതാവസ്ഥ മൂലം സര്‍ക്കാര്‍ വക അനാഥാലയങ്ങളില്‍ നില്‍ക്കുന്ന പല കുട്ടികളും സ്‌കൂള്‍ അവധിക്കാലത്ത് സ്വന്തം വീടുകളിലേക്ക് മടങ്ങാറുണ്ട്. ഇത്തരത്തില്‍ പോകാന്‍ സാഹചര്യമില്ലാത്തതും, രോഗങ്ങളോ മറ്റ് ബുദ്ധിമുട്ടുകളോ അലട്ടാത്തതുമായ കുട്ടികളെ നിശ്ചിത കാലയളവിലേക്ക് വിട്ടുനല്‍കന്നു. ദത്തെടുക്കലിന് നിയമപരമായി സ്വാതന്ത്ര്യമില്ലാത്ത കുട്ടികളെയും അസുഖം, മരണം, മാതാപിതാക്കളില്‍ ഒരാളുടെ ഉപേക്ഷിക്കല്‍ അല്ലെങ്കില്‍ മറ്റേതെങ്കിലും പ്രതിസന്ധികള്‍ കാരണം മാതാപിതാക്കള്‍ക്ക് പരിപാലിക്കാന്‍ കഴിയാത്തതുമായ കുട്ടികളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുന്നത്. മാതാപിതാക്കള്‍ക്ക് കുട്ടിക്കുമേലുള്ള അവകാശം നഷ്ടപ്പെടുന്നില്ല. കുടുംബ സാഹചര്യം മെച്ചപ്പെടുമ്പോള്‍ കുട്ടിയെ സ്വന്തം കുടുംബവുമായി വീണ്ടും ഒന്നിപ്പിക്കാം.
വിവാഹിത ദമ്പതികള്‍, കുട്ടിയുടെ കുടുംബത്തിലെ അംഗങ്ങള്‍, ഏക രക്ഷാകര്‍ത്താവ്, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവര്‍ക്ക് ഫോസ്റ്റര്‍ കെയര്‍ പദ്ധതി വഴി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകരുടെ വീട്, ചുറ്റുപാട്, വരുമാനം, ആരോഗ്യം എന്നിവ ചെല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പരിശോധിച്ച് യോഗ്യരെന്ന് ബോധ്യപ്പെടുന്നവര്‍ക്ക് മാത്രമാണ് കുട്ടികളെ കരാര്‍പ്രകാരം വിട്ടുനല്‍കുക. കുട്ടികളുടെ താല്‍പര്യം പരിഗണിച്ച് അവര്‍ക്ക് ഇഷ്ടമുണ്ടെങ്കില്‍ മാത്രമേ വളര്‍ത്തുരക്ഷിതാക്കള്‍ക്കൊപ്പം അയക്കുകയുള്ളൂ. കുട്ടിയുടെയും അപേക്ഷകരുടെയും താല്‍പര്യപ്രകാരം കരാര്‍ കാലാവധി നീട്ടാനും സാധിക്കും. മക്കളില്ലാത്ത ദമ്പതികളായിരിക്കും അപേക്ഷകരില്‍ അധികവും. വനിതാ ശിശു വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസ് മുഖേനയാണ് അപേക്ഷകള്‍ സ്വീകരിക്കുക.
യോഗ്യരാകുന്ന കുടുംബാംഗങ്ങള്‍ക്ക് കൗണ്‍സലിങും കുട്ടികളുമായി കൂടിക്കാഴ്ചയ്ക്ക് അവസരവും ഒരുക്കും. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി മുഖേനയാണ് കുട്ടികളെ അനുയോജ്യമായ കുടുംബങ്ങളിലേക്കു വിടുന്നത്. ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂനിറ്റിലെ ഉദ്യോഗസ്ഥരുടെ സ്ഥിരം മേല്‍നോട്ടത്തിലാകും പദ്ധതി നടപ്പാക്കുക. ആറു വയസിനു മുകളില്‍ പ്രായമുള്ള ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തി തിരഞ്ഞെടുക്കപ്പെട്ട വീടുകളിലേക്ക് അയയ്ക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് സമീപത്തുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുമായോ, വനിതാ ശിശുവികസന വകുപ്പുമായോ ബന്ധപ്പെടണം.
Post a Comment