ഏതെങ്കിലും സംസ്ഥാനത്ത് പ്രകൃതി ദുരന്തം സംഭവിച്ചാല്‍ അത് ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ആവശ്യം ഉയര്‍ന്നുകേള്‍ക്കാറുണ്ട്. ഒരു ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ് ? അങ്ങനെ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചാല്‍ സംസ്ഥാനത്തിന് അല്ലെങ്കില്‍ ദുരന്തത്തില്‍പെട്ടവരുടെ പുനരധിവാസത്തിന് കൂടുതല്‍ തുക, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയവ ലഭ്യമാകുമോ? പരിശോധിക്കാം.
ഏതെങ്കിലും പ്രദേശത്ത് സ്വാഭാവികമോ മനുഷ്യനിര്‍മിതമോ ആയ കാരണങ്ങളാല്‍ ആകസ്മികമായോ അശ്രദ്ധ കൊണ്ടോ ഉണ്ടാകുന്ന വലിയ അപകടങ്ങളെയാണ് ദുരന്തം എന്നുപറയുന്നത്. 2005ലെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ആക്ടിലെ വകുപ്പനുസരിച്ചാണ് അപകടങ്ങളെ നിയമപരമായി ദുരന്തം എന്ന് നിര്‍വചിച്ചിരിക്കുന്നത്. കാര്യമായ രീതിയില്‍ ജീവനാശം സംഭവിക്കുകയോ, സ്വത്തുവകകള്‍ നശിക്കുകയോ നശിപ്പിക്കപ്പെടുകയോ പരിസ്ഥിതിയെ ഗുരുതരമായി ബാധിക്കുകയോ ചെയ്യണം. ദുരന്തബാധിത പ്രദേശത്തെ സമൂഹത്തിന് അപകടം നേരിടാനുള്ള ശേഷിക്കപ്പുറമുള്ള സ്വഭാവമോ വ്യാപ്തിയോ ഉണ്ടായിരിക്കണം. ഭൂകമ്പം, വെള്ളപ്പൊക്കം, മണ്ണിടിച്ചില്‍, ചുഴലിക്കാറ്റ്, സുനാമി, നഗര വെള്ളപ്പൊക്കം, ഉഷ്ണ തരംഗം മുതലായവയാണ് സാധാരണയായി ദുരന്തത്തില്‍ ഉള്‍പ്പെടുന്നത്. ആണവ, ജൈവ, രാസ സ്വഭാവമുള്ള മനുഷ്യനിര്‍മിത ദുരന്തവും ഇതില്‍ ഉള്‍പ്പെടും.
ദേശീയ ദുരന്തത്തെ നിര്‍വചിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ നേരത്തെ പരിശോധിച്ചിരുന്നു. എന്നാല്‍, പ്രകൃതി ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാന്‍ പ്രത്യേകമായ എക്‌സിക്യൂട്ടീവ് സംവിധാനങ്ങളോ നിയമപരമായ വ്യവസ്ഥകളോ ഇല്ലെന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ ഏതെങ്കിലും ദുരന്തത്തെ ദേശീയദുരന്തമായി നിര്‍വചിക്കാന്‍ നിശ്ചിത മാനദണ്ഡവുമില്ല.
ഇതുമായി ബന്ധപ്പെട്ട്, 10ാം ധനകാര്യ കമ്മീഷന്‍ (1995- 2000) നിര്‍ദേശങ്ങള്‍ പരിശോധിച്ചിരുന്നു. സംസ്ഥാനത്തെ ജനസംഖ്യയുടെ മൂന്നിലൊന്ന് ആളുകളെ ബാധിക്കുകയാണെങ്കില്‍ ദുരന്തത്തെ 'അപൂര്‍വമായ തീവ്രതയുള്ള ദേശീയ ദുരന്തം' എന്ന് വിളിക്കാമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, 'അപൂര്‍വ തീവ്രതയുടെ ദുരന്തം' എന്താണെന്ന് പ്രത്യേകമായി നിര്‍വചിച്ചിട്ടില്ല.
'അപൂര്‍വമായ തീവ്രതയുള്ള ദുരന്തം' എന്നത് സംഭവത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനിക്കേണ്ടതാണെന്ന് നിര്‍ദേശത്തില്‍ പറയുന്നു. ദുരന്തത്തിന്റെ തീവ്രതയും വ്യാപ്തിയും, പ്രശ്‌നം കൈകാര്യം ചെയ്യാനുള്ള സംസ്ഥാനത്തിന്റെ ശേഷി, ആശ്വാസ പദ്ധതികള്‍ നടപ്പാക്കാനുള്ള വിഭവശേഷി എന്നിവയാണ് പ്രധാനമായ അടിസ്ഥാനം. 2013ലെ ഉത്തരാഖണ്ഡ് വെള്ളപ്പൊക്കവും 2014ലെ ആന്ധ്രപ്രദേശിലെ ഹുദ്ഹുദ് ചുഴലിക്കാറ്റും തീവ്രമായ ദുരന്തങ്ങളായി തരംതിരിച്ചിട്ടുണ്ട്.
ദുരന്തത്തെ ദേശീയദുരന്തമായി പ്രഖ്യാപിച്ചാല്‍ ദേശീയതലത്തില്‍ കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാരിന് പിന്തുണ നല്‍കും. ദേശീയ ദുരന്തനിവാരണ നിധിയില്‍നിന്നുള്ള അധിക സഹായവും കേന്ദ്രം പരിഗണിക്കും. കേന്ദ്രവും സംസ്ഥാനവും തമ്മില്‍ 3:1 അനുപാതത്തില്‍ പങ്കിട്ടാണ് ദുരന്തനിവാരണ ഫണ്ട് (CRF) രൂപീകരിക്കുക. സംസ്ഥാനത്തിന് വിഭവങ്ങള്‍ അപര്യാപ്തമാകുമ്പോള്‍, ദേശീയ ദുരന്ത കണ്ടിജന്‍സി ഫണ്ടില്‍ (NCCF) നിന്ന് അധികസഹായം പരിഗണിക്കും. NCCFന് 100 ശതമാനം ധനസഹായം നല്‍കുന്നത് കേന്ദ്ര സര്‍ക്കാരാണ്. വായ്പകളുടെ തിരിച്ചടവിലെ ആശ്വാസം, പുനരധിവാസം, ദുരന്ത ബാധിതര്‍ക്ക് ഇളവ് വ്യവസ്ഥകളില്‍ പുതിയ വായ്പകള്‍ എന്നിവ അനുവദിക്കുന്നതും പരിഗണിക്കും.
Post a Comment